മാവേലിക്കസ് 2025 : ബേപ്പൂർ ബീച്ചിൽ ഫ്ലവർ ഷോ സെപ്റ്റംബർ ഒന്നു മുതൽ

ഓണത്തിന് പൂക്കളുടെ വിസ്മയലോകം ഒരുക്കി, കണ്‍നിറയെ പൂക്കാഴ്ചകളുമായി കോഴിക്കോട് ബേപ്പൂർ ബീച്ചിൽ സെപ്റ്റംബർ ഒന്ന് മുതൽ ഫ്ലവർ ഷോ. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ നടക്കുന്ന ഓണാഘോഷം 'മാവേലിക്കസ് 2025'ന്റെ ഭാഗമായാണ് ഫ്ലവർഷോ ഒരുക്കുന്നത്. പൂക്കളുടെ വർണപ്പൊലിമയുമായി 20,000 ചതുരശ്രയടി പവിലിയനിലാണ് ഷോ ഒരുക്കുന്നത്.
പൂക്കൾകൊണ്ട് ഒരുക്കിയ വിവിധ രൂപങ്ങളും മറ്റും മേളയിലെ മുഖ്യ ആകർഷണമാവും. പൂന്തോട്ടമൊരുക്കാൻ ആവശ്യമായ ചെടികളും വളവും മറ്റു വസ്തുക്കളും വാങ്ങാനുള്ള അവസരവും ഷോയുടെ ഭാഗമായി ഉണ്ടാകും. പകൽ 11 മുതൽ രാത്രി 8 മണി വരെയാണ് പ്രവേശനം. ഫ്ളവർഷോ ഏഴിന് സമാപിക്കും.
സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജിന്റെയും നേതൃത്വത്തിലാണ് മാവേലിക്കസ് 2025 സംഘടിപ്പിക്കുന്നത്. മാവേലിക്കസ് ആപ്പിലൂടെ ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ നടക്കുന്ന പ്രധാനപ്പെട്ട ആഘോഷങ്ങളുടെയും പരിപാടികളുടെയും മുഴുവന്‍ വിവരങ്ങളും ലഭ്യമാണ്. ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന ഓണാഘോഷത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഒന്‍പതു വേദികളിലായി (കോഴിക്കോട് ബീച്ച്, ലുലു മാള്‍, ബട്ട് റോഡ് ബീച്ച്, തളി, കുറ്റിച്ചിറ, മാനാഞ്ചിറ, ടൗണ്‍ഹാള്‍, ബേപ്പൂര്‍, സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജ്) കേരളത്തിനകത്തും പുറത്തും നിന്നുമായി 50-ഓളം കലാകാരര്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കും.