ആര്‍മി റിക്രൂട്ട്‌മെന്റ് റാലി : ജില്ലാ കളക്ടർ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്തു

post

ഇടുക്കി നെടുങ്കണ്ടം ഹൈ ആള്‍ട്ടിറ്റിയൂഡ് സ്റ്റേഡിയത്തില്‍ സെപ്റ്റംബര്‍ 10 മുതല്‍ 16 വരെ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി നടക്കും.റാലിയ്ക്ക് മുന്നോടിയായി  ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ ഉടുമ്പന്‍ചോല തഹസില്‍ദാരുടെ ചേമ്പറില്‍ അവലോകന യോഗം ചേര്‍ന്നു.

ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയുടെ സുഗമമായ നടത്തിപ്പിന് നെടുങ്കണ്ടത്ത് ഒരുക്കേണ്ട സജ്ജീകരണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും യോഗം ചര്‍ച്ച ചെയ്തു. വിവിധ വകുപ്പുകള്‍ നടപ്പാക്കേണ്ട ചുമതലകള്‍ സംബന്ധിച്ച് കളക്ടര്‍ വകുപ്പ് തല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. റാലിക്കെത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി കെ. എസ്. ആര്‍.ടി.സി അധിക സര്‍വീസുകള്‍ നടത്തും.

ജില്ലാ കളക്ടര്‍ ഡോ.ദിനേശന്‍ ചെറുവാട്ട്, സബ് കളക്ടര്‍ അനൂപ് ഗാര്‍ഗ്, ഉടുമ്പന്‍ചോല തഹസില്‍ദാര്‍ ജോണ്‍ പ്രിന്‍സ് കെ ആര്‍, ആര്‍മി റിക്രൂട്ടിംഗ് ഓഫീസര്‍ പ്രദീപ്,ജൂനിയര്‍ സൂപ്രണ്ട് ഗോപകുമാര്‍, സീനിയര്‍ ക്ലര്‍ക്ക് അജി ബി  എന്നിവരുടെ നേതൃത്വത്തില്‍ റിക്രൂട്ട്‌മെന്റ് നടക്കുന്ന നെടുങ്കണ്ടം ഹൈ ആള്‍ട്ടിറ്റിയൂഡ് സിന്തറ്റിക് സ്റ്റേഡിയം സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലിയിരുത്തി.  ആര്‍മി ഓഫീസര്‍മാര്‍ക്ക് താമസ സൗകര്യം ഒരുക്കുന്ന നെടുങ്കണ്ടം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും സന്ദര്‍ശിച്ചു. താമസ സ്ഥലത്ത് ഒരുക്കേണ്ട  സൗകര്യങ്ങളും, വാഹന പാര്‍ക്കിംഗ് സൗകര്യങ്ങളും സംഘം വിലയിരുത്തി.

പൊതുമരാമത്ത്, വൈദ്യുതി, ആരോഗ്യം, വാട്ടര്‍ അതോറിറ്റി, പോലീസ്, വിദ്യാഭ്യാസം, തദ്ദേശ സ്വയം ഭരണം, കുടുംബശ്രീ തുടങ്ങി വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്കായാണ് റിക്രൂട്ട്‌മെന്റ് റാലി. ഏഴ്  ജില്ലകളില്‍ നിന്നായി 4,000 ഉദ്യോഗാര്‍ഥികള്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 120 ആര്‍മി ഉദ്യോഗസ്ഥര്‍ക്കാണ് റിക്രൂട്ട്‌മെന്റ് റാലിയുടെ നടത്തിപ്പ് ചുമതല.