പട്ടികവർഗ മേഖലയിലെ സ്ത്രീശാക്തീകരണം: അടിമാലിയിൽ വനിതാ കമ്മീഷൻ ശിൽപ്പശാല നടത്തി

post

കേരള വനിതാ കമ്മീഷന്റെ അഭിമുഖ്യത്തില്‍ പട്ടികവര്‍ഗ മേഖലയിലെ വനിതകള്‍ക്കായി അടിമാലിയില്‍ നടത്തിയ ശില്‍പ്പശാല സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി ഉദ്ഘാടനം ചെയ്തു.

പട്ടികവര്‍ഗ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തണമെന്ന് ചടങ്ങിൽ സംസാരിക്കവേ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി പറഞ്ഞു.

പട്ടികവര്‍ഗ വിഭാഗത്തിന്റെ ഉന്നമനത്തിനായി എല്ലാ മേഖലയിലും നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇത്തര പദ്ധതികള്‍ കൃത്യമായി മനസിലാക്കി അവകാശം നേടിയെടുക്കണം. ബുധനാഴ്ച അടിമാലിയിലെ പട്ടികവര്‍ഗ മേഖലകളില്‍ വനിതാ കമ്മീഷന്‍ പരിശോധന നടത്തിയിരുന്നു.

അടിമാലി ഗ്രാമപഞ്ചായത്ത് ടൗണ്‍ ഹാളില്‍ നടത്തിയ പരിപാടിയില്‍ വാര്‍ഡ് മെമ്പര്‍ എം.എസ്. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പട്ടികവര്‍ഗ വികസന വകുപ്പ് നടത്തുന്ന പദ്ധതികള്‍ എന്ന വിഷയത്തില്‍ ഇടുക്കി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആനിയമ്മ ഫ്രാന്‍സിസ് ക്ലാസ് നയിച്ചു.

പട്ടികവര്‍ഗ മേഖലയില്‍ വര്‍ധിക്കുന്ന ലഹരിയുടെ ഉപയോഗത്തെ സംബന്ധിച്ച് ലഹരിയുടെ വിപത്ത് എന്ന വിഷയത്തില്‍ ദേവികുളം ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുനീഷ് കുമാര്‍ കെ. ബി ക്ലാസ് നയിച്ചു. വനിതാ കമ്മീഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ. ആര്‍. അര്‍ച്ചന, അടിമാലി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മനു മുരളി, ട്രൈബല്‍ പ്രമോട്ടേഴ്‌സ്, വനിതകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.