കൊതുകുജന്യ രോഗങ്ങൾക്കെതിരെ ബോധവൽക്കരണം ശക്തമാക്കാൻ 'ബീറ്റ് ദ ബൈറ്റ്‌സ്' ക്യാമ്പയിൻ

post

ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) കഞ്ഞിക്കുഴി സാമൂഹിക ആരോഗ്യ കേന്ദ്രം എന്നിവയുടെ നേതൃത്വത്തില്‍ ലോക കൊതുക് ദിനത്തോടനുബന്ധിച്ച് (ആഗസ്റ്റ് 20) ബീറ്റ് ദ ബൈറ്റ്‌സ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തില്‍ അതിഥി തൊഴിലാളിയില്‍ മലേറിയ തദ്ദേശീയമായി കണ്ടുപിടിച്ച സാഹചര്യത്തില്‍ മലേറിയ ബോധവല്‍ക്കരണവും സ്‌ക്രീനിങ്ങും ജില്ലയില്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ മൂന്നുമാസം നീണ്ടുനില്‍ക്കുന്ന (സെപ്തംബര്‍ 20 മുതല്‍ നവംബര്‍ 20) വരെ ക്യാമ്പയിന്‍ നടത്തുന്നത്. ജില്ലയിലെ 52 പഞ്ചായത്തുകളിലും രണ്ട് മുന്‍സിപ്പാലിറ്റികളിലും മിസ്റ്റ് ടീമിനെയും പൊതുജനാരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ അതിഥി തൊഴിലാളികളുടെ ഇടയില്‍ മലമ്പനി നിവാരണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും സ്‌ക്രീനിങ്ങും സംഘടിപ്പിക്കുന്നതിനാണ് ക്യാമ്പയിന്‍ ലക്ഷ്യമിടുന്നത്.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ ബീറ്റ് ദ ബൈറ്റ്‌സ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എബി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ജോസഫ് മുഖ്യാതിഥിയായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സതീഷ് കെ എന്‍ മുഖ്യപ്രഭാഷണവും ക്യാമ്പയിന്‍ ലോഗോ പ്രകാശനവും നിര്‍വഹിച്ചു.

കൊതുക് നിവാരണ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രതിജ്ഞയും വിഷയാവതരണവും ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.ജോബിന്‍ ജി ജോസഫിന്റെ നേതൃത്വത്തില്‍ നടന്നു. ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് ആര്‍ അമീനയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കഞ്ഞിക്കുഴി സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഡയാന സ്വാഗതവും, ജില്ലാ മലേറിയ ഓഫീസര്‍ രാജേഷ് വി എസ് ദിനാചരണ സന്ദേശവും നല്‍കി.

'കൂടുതല്‍ നീതിയുക്തമായ ലോകത്തിനായി മലേറിയയ്‌ക്കെതിരായ പോരാട്ടം ത്വരിതപ്പെടുത്തുക' എന്ന ഈ വര്‍ഷത്തെ ലോക കൊതുക് ദിനത്തിന്റെ സന്ദേശം മുന്‍നിര്‍ത്തി, കഞ്ഞിക്കുഴിസാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി സ്‌കിറ്റും ബോധവല്‍ക്കരണ സാമഗ്രികളുടെ പ്രദര്‍ശനവും ബോധവല്‍ക്കരണ റാലിയും സംഘടിപ്പിച്ചു. അതിഥി തൊഴിലാളികളുടെ ഇടയില്‍ ബോധവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ ഭാഷകളില്‍ തയ്യാറാക്കിയ ബോധവല്‍ക്കരണ പോസ്റ്ററുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സതീഷ് കെ എന്‍ ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോക്ടര്‍ ജോബിന്‍ ജി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ഹോട്ടലുകളില്‍ ജീവനക്കാരായ അതിഥി തൊഴിലാളികളുടെ ഇടയില്‍ വിതരണം ചെയ്തു.

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ ബിനോയി വര്‍ക്കി, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രദീപ് എം എം,ഡെപ്യൂട്ടി ഡിസ്ട്രിക്ട് എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഷൈലഭായി വി ആര്‍, സാമൂഹിക ആരോഗ്യ കേന്ദ്രം കഞ്ഞിക്കുഴി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജിമോന്‍, ആരോഗ്യ കേരളം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ജിജിന്‍ മാത്യു, കഞ്ഞിക്കുഴി സാമൂഹിക ആരോഗ്യ കേന്ദ്രം ആരോഗ്യ പ്രവര്‍ത്തകര്‍,ആശമാര്‍, കുടുംബശ്രീ ഹരിത കര്‍മ്മ സേന അംഗങ്ങള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.