ഐടി പാർക്കുകൾ സ്ത്രീസൗഹൃദ തൊഴിലിടങ്ങളാകുന്നു; ടെക്നോപാർക്കിലെ ഇന്റേണൽ കമ്മിറ്റികൾക്ക് പരിശീലനം

post

ഐ.ടി പാർക്കുകൾ സ്ത്രീസൗഹൃദ തൊഴിലിടങ്ങളാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ടെക്നോപാർക്കിലെ വിവിധ ഓഫീസുകളിൽ രൂപീകരിച്ചിട്ടുള്ള ഇന്റേണൽ കമ്മിറ്റികളുടെ ചേയർപേഴ്സൺമാരെയും മെമ്പർമാരേയും പങ്കെടുപ്പിച്ച് കൊണ്ട് ചൈത്രം ഹോട്ടലിൽ പരിശീലനം സംഘടിപ്പിച്ചു.

കേരളത്തിലെ ഐ.ടി. പാർക്കുകൾ സ്ത്രീസഹൃദ തൊഴിലിടങ്ങളാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. വനിതാ ശിശു വികസന വകുപ്പിന്റേയും ഐടി വകുപ്പിന്റേയും നേതൃത്വത്തിൽ മിഷൻ അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. എല്ലാ കമ്പനികളിലും ഇന്റേണൽ കമ്മിറ്റികളുടെ രൂപീകരണം നടക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ, ഐടി പാർക്കുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ നടക്കുകയാണ്. സിനിമാ മേഖലയിൽ ഇന്റേണൽ കമ്മറ്റികൾ രൂപീകരിക്കുന്നതിനുള്ള പരിശീലന പരിപാടികളും സംഘടിപ്പിച്ചു വരുന്നു. 2023ൽ വനിത ശിശുവികസന വകുപ്പ് ഐസികളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിന് വേണ്ടി ഒരു പോർട്ടൽ രൂപീകരിച്ചിരുന്നു. 2025 മാർച്ച് എട്ടിന് കേരളത്തിലെ എല്ലാ സർക്കാർ വകുപ്പുകളിലും ഇന്റേണൽ കമ്മിറ്റികൾ രൂപീകരണം പൂർത്തീകരിച്ചതായും മന്ത്രി വ്യക്തമാക്കി.


തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമം തടയുന്നതിന് വേണ്ടി സംസ്ഥാനത്ത് ഘട്ടം ഘട്ടമായുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഐടി മേഖലയിൽ ഉൾപ്പെടെ ധാരാളം സ്ത്രീകൾ ജോലി ചെയ്യുന്നുണ്ട്. തൊഴിൽ രംഗത്ത് സ്ത്രീകൾ ഇനിയും മുന്നോട്ടു വരേണ്ടതായിട്ടുണ്ട്. സ്ത്രീകൾ ഓരോ മേഖലയിലും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കണ്ടെത്തി പരിഹരിക്കാനാണ് ശ്രമിക്കുന്നത്. ക്യാൻസർ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച ആരോഗ്യം ആനന്ദം അകറ്റാം അർബുദം ജനകീയ പ്രതിരോധ ക്യാമ്പയിനിലുൾപ്പെടെ ഐടി മേഖല മികച്ച പിന്തുണ നൽകിയതിനെ മന്ത്രി അഭിനന്ദിച്ചു. ഇന്റേണൽ കമ്മിറ്റികൾ ഉറപ്പ് വരുത്തേണ്ടത് സ്ഥാപനങ്ങളുടേയും തൊഴിൽ ദാദാക്കളുടെയും ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു.

തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരേയുണ്ടാകുന്ന ലൈംഗികാതിക്രമം (തടയൽ, നിരോധനം, പരിഹാരം) 2013 (പോഷ്) നിയമം ഐ.ടി പാർക്കുകളിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ടെക്നോപാർക്കിലെ പത്തോ അതിലധികമോ ജീവനക്കാർ തൊഴിലെടുക്കുന്ന വിവിധ ഓഫീസുകളിൽ രൂപീകരിച്ചിട്ടുള്ള ഇന്റേണൽ കമ്മിറ്റികളുടെ ചേയർപേഴ്സൺമാരെയും മെമ്പർമാരേയും സഹിതം 100 പേരെ പങ്കെടുപ്പിച്ചു കൊണ്ടാണ് വനിത ശിശു വികസന വകുപ്പ് പരിശീലനം സംഘടിപ്പിച്ചത്.

വനിത ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ അധ്യക്ഷത വഹിച്ചു. നിർഭയ സെൽ സ്റ്റേറ്റ് കോ-ഓഡിനേറ്റർ ശ്രീല മേനോൻ പരിശീലന ക്ലാസുകൾ നയിച്ചു. അഡീഷണൽ ഡയറക്ടർ ബിന്ദു ഗോപിനാഥ് സ്വാഗതം ആശംസിച്ചു.