ചെമ്മണ്ണ് ഗവ. ഹൈസ്‌കൂളിന് പുതിയ കെട്ടിടം; നിർമ്മാണോദ്ഘാടനം നിർവഹിച്ചു

ചെമ്മണ്ണ് ഗവ:ഹൈസ്‌കൂളിന്റെ പുതിയ കെട്ടിടനിർമ്മാണോദ്ഘാടനം വാഴൂർ സോമൻ എം.എൽ.എ. നിർവഹിച്ചു.പീരുമേട് നിയോജക മണ്ഡലത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മികവിന്റെ കേന്ദ്രങ്ങളായി മാറിയെന്ന് ചടങ്ങിൽ സംസാരിക്കവേ എംഎൽഎ പറഞ്ഞു. നല്ല വിദ്യാലയ അന്തരീക്ഷം വിദ്യാർഥികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അവരുടെ മികവ് വർദ്ധിപ്പിക്കാനും സഹായിക്കുമെന്നും എം എൽ എ കൂട്ടിച്ചേർത്തു. ഏലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മിണി തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഇടുക്കി പാക്കേജിൽ നിന്ന് അനുവദിച്ച മൂന്നു കോടി രൂപ ഉപയോഗിച്ച് സ്‌കൂൾ കെട്ടിടത്തിൻ്റെയും ആധുനിക അടുക്കള, ഊട്ടുപുര എന്നിവയുടെയും നിർമ്മാണമാണ് നടക്കുന്നത്.
യോഗത്തിൽ യു.എസ്.എസ്. സ്കോളർഷിപ്പും എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയവും നേടിയ വിദ്യാർഥികളെ ആദരിച്ചു. പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അശ്വതി പദ്ധതി വിശദീകരണം നടത്തി.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സരിത സുഭാഷ്, സുനിത മധു, പീരുമേട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം. രമേശ്,ഹെഡ്മാസ്‌റ്റർ വി.എം.ബിനോജ്,പി.ടി.എ. പ്രസിഡന്റ് എം.ജോൺസൺ,സീനിയർ അസിസ്റ്റന്റ് ഷൈജു എച്ച്,സ്റ്റാഫ് സെക്രട്ടറി എച്ച്.ഹസീന തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.