വാത്തിക്കുടിയിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു

post

വാത്തിക്കുടി ഗ്രാമപഞ്ചായത്തിൽ ബഥേൽ സിറ്റിയിലും, ബഥേൽ പള്ളിപ്പടിയിലും സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച്ഓൺ കർമ്മം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. നാടിന്റെ നൻമയ്ക്കും നാട്ടിലെ പൊതുവിഷയങ്ങൾക്കും  പ്രാധാന്യം നൽകിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് ബഥേലിൽ ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ നിർവഹിച്ച് മന്ത്രി പറഞ്ഞു.

നാടിന്റെ  വികസനത്തിന് വിവിധ പദ്ധതികൾക്ക് യഥാസമയം പണം അനുവദിച്ച്  പദ്ധതി പൂർത്തികരിക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. കാലാനുസൃതമായ മാറ്റങ്ങൾക്കനുസരിച്ച് നിരവധിയായ നേട്ടങ്ങളും നാട് കൈവരിച്ചെന്നും മന്ത്രി പറഞ്ഞു.  ഇടുക്കി മെഡിക്കൽ കോളേജ്, എഞ്ചിനിയറിംഗ് കോളേജ്, നഴ്സിംഗ് കോളേജ്, കട്ടപ്പന ആർട്സ് കോളേജ് എന്നിവയെല്ലാം ഉദാഹരണങ്ങളാണ്. ഈ സാമ്പത്തികവർഷം തന്നെ കട്ടപ്പനയിൽ ലോ കോളേജ് ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ബിഎംബിസി നിലവാരത്തിലെ റോഡുകൾ പൂർത്തിയായി. ഇറിഗേഷൻ ടൂറിസത്തിന്റെ  ഭാഗമായി 25 ഏക്കർ സ്ഥലത്ത് സാംസ്കാരിക മ്യൂസിയം, മൾട്ടിപ്ലക്സ് തീയറ്റർ എന്നിവ ഇടുക്കി ടൗൺഷിപ്പിൻ്റെ ഭാഗമായി നടപ്പാക്കും.  എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാൻ ഇടുക്കി നിയോജകമണ്ഡലത്തിൽ മാത്രം  780 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡാമുകളിൽ  നിന്ന് ഫ്ലോട്ടിംഗ് പമ്പുകൾ വഴി വെള്ളമെടുത്ത്  ശുദ്ധീകരിച്ച് വീടുകളിൽ കുടിവെള്ളമെത്തിക്കുന്ന ബ്രഹത് പദ്ധതിയാണ് ജലജീവൻ മിഷനിൽ നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 5,01,135 രൂപ ചെലവഴിച്ചാണ് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. ബഥേൽ സിറ്റിയിൽ ചേർന്ന യോഗത്തിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം സിബിച്ചൻ തോമസ്, വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് അംഗം മിനി സിബിച്ചൻ, വിവിധ രാഷ്ട്രിയ കക്ഷി നേതാക്കളായ ജോർജ് അമ്പഴം, ബേബി കാഞ്ഞിരത്താൻകുന്നേൽ തുടങ്ങിയവർ പങ്കെടുത്തു.