കോഴിയിളക്കുടി ഉന്നതിയിൽ സൗരോർജ തൂക്കുവേലി യാഥാർത്ഥ്യമായി

post

ഇടുക്കി മാങ്കുളത്തെ കോഴിയിളക്കുടി ഉന്നതിയിൽ നിർമ്മിച്ച സൗരോർജ തൂക്കുവേലിയുടെ ഉദ്ഘാടനം എ. രാജ എംഎൽഎ നിർവഹിച്ചു. പരിപാടിയിൽ മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത ആനന്ദൻ അധ്യക്ഷത വഹിച്ചു. മാങ്കുളം  ഡിഎഫ്ഒ ജ്യോതിഷ് ജെ. ഒഴാക്കൽ പദ്ധതി വിശദീകരണം നടത്തി.

മാങ്കുളം വനം ഡിവിഷനിലെ ആനക്കുളം റേഞ്ചിന് കീഴിലാണ് കോഴിയിളക്കുടി ഉന്നതി. മനുഷ്യ- വന്യജീവി  സംഘർഷ ലഘൂകരണത്തിന്റെ ഭാഗമായി ദേവികുളം നിയോജക മണ്ഡലത്തിൽ ഈ വർഷം നിർമ്മിച്ച പ്രഥമ സൗരോർജ വേലിയാണിത്. സൗരോർജ തൂക്കുവേലി യാഥാർത്ഥ്യമായതോടെ ആനക്കുളം മേഖലയിലെ കോഴിയിളക്കുടി, മുള്ളൻ മട,  തൊണ്ണൂറ്റാറുഭാഗം എന്നിവിടങ്ങളിലെ കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യത്തിന് പരിഹാരമാകും.  നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 17. 50 ലക്ഷം രൂപ പ്രയോജനപ്പെടുത്തിയാണ് ഒന്നര കിലോമീറ്റർ സൗരോർജ തൂക്കുവേലി ഉന്നതിയിൽ നിർമ്മിച്ചിരിക്കുന്നത്.

പരിപാടിയിൽ  പൊലീസ് ഹൗസിംഗ് കോർപ്പറേഷൻ പ്രോജക്ട് എഞ്ചിനീയർ അജീഷ് മത്തായി, കോഴിയിളക്കുടി ഉന്നതി കാണി ഇന്ദ്രൻ ചന്ദ്രൻ, ഉന്നതി തലവനായ പുലേന്ദ്രൻ ചന്ദ്രൻ, വകുപ്പ് ജീവനക്കാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പ്രവർത്തകർ,  കോഴിയിളക്കുടി ഉന്നതി നിവാസികൾ,  തുടങ്ങിയവർ പങ്കെടുത്തു.