കർഷക ദിനാചരണം: ഇടുക്കിയിൽ വിവിധ മേഖലകളിലെ കർഷകരെ ആദരിച്ചു

കർഷക ദിനമായ ചിങ്ങം ഒന്നിന് ഗ്രാമ പഞ്ചായത്തുകളുടെയും കൃഷി ഭവനുകളുടെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിൽ വിപുലമായ കർഷക ദിനാചരണം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തുകളിൽ വിവിധ കാർഷിക മേഖലകളിലെ മികച്ച കർഷകരെ ആദരിച്ചു. മികച്ച മുതിർന്ന കർഷകൻ, ജൈവകർഷകർ,സമ്മിശ്രകർഷകർ,തേനീച്ച കർഷകർ, കുട്ടികർഷകർ, ക്ഷിരകർഷകർ, വനിതാ കർഷക, നെൽകർഷകൻ,തുടങ്ങി വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്ക് ചടങ്ങുകളിൽ ആദരവും പുരസ്കാരങ്ങളും നൽകി.
കർഷകർക്കായി കാർഷിക പരിശീലന ക്ലാസുകളും, സെമിനാറുകളും സംഘടിപ്പിച്ചു. കാർഷിക ക്വിസ് മത്സരം തുടങ്ങി വിവിധ പരിപാടികളും നടത്തി. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കർഷകർക്കും പച്ചക്കറി വിത്തുകളും, തൈകളും വിതരണം ചെയ്തു. നിരവധി കർഷകർ ഗ്രാമപഞ്ചായത്ത് തല യോഗങ്ങളിൽ പങ്കെടുത്തു.
ശാന്തൻപാറ ഗ്രാമപഞ്ചായത്തിൽ നടത്തിയ കർഷക ദിനാചരണം എം.എം മണി എംഎൽഎ ഉദ്ഘാടനം ചെയ്തു. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ് കർഷക ദിന സന്ദേശം നൽകി. ശാന്തൻപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസ് അധ്യക്ഷനായി. ദേവികുളം കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ജെ. ജയന്തി പദ്ധതി വിശദികരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിത്യ സെലിൻ, കൃഷി ഓഫിസർ കെ.എൻ ബിനിത, ആസുത്രണ സമിതി ഉപാദ്യക്ഷൻ സേനാപതി ശശി, കർഷകർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വാത്തിക്കുടി ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച കർഷക ദിനാചരണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോസ്മി ജോർജ് ഉദ്ഘാടനം ചെയ്തു. മുരിക്കാശേരി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യോഗത്തിൽ വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് പ്രദീപ് ജോർജ് അധ്യക്ഷത വഹിച്ചു.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എബി തോമസ് കർഷക ദിന സന്ദേശം നൽകി. ത്രിതല പഞ്ചായത്തംഗങ്ങളായ ഷൈനി സജി, സിബിച്ചൻ തോമസ്, ബിജുമോൻ തോമസ്, കൃഷി ഓഫീസർ മനോജ് ഇ.എം,അസിസ്റ്റൻ്റ് കൃഷി ഓഫീസർ രാജേഷ് പി.കെ, മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.