കട്ടപ്പന കല്ലുകുന്ന് സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു

post

ഇടുക്കി കട്ടപ്പന നഗരസഭയിൽ കല്ലുകുന്ന് സ്മാർട്ട് അങ്കണവാടി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.കട്ടപ്പന നഗരസഭയിൽ വിവിധ മേഖലകളിൽ വലിയ പുരോഗതി യുണ്ടായതായും മികച്ച രീതിയിൽ നിക്ഷേപം  നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കട്ടപ്പന സർക്കാർ കോളജിൽ നല്ല  പുരോഗതിയുണ്ടായി. ആധുനിക നിലവാരത്തിലുള്ള കെട്ടിടങ്ങൾ പണിതു. പുതിയ കോഴ്സുകൾ ആരംഭിച്ചു. 6 കോടി രൂപ ചെലവിലാണ് പുതിയ  ലൈബ്രറി നിർമ്മിക്കുന്നത്.

കട്ടപ്പന ടൗൺഷിപ്പിൽ റിംഗ് റോഡ് സംവിധാനം നടപ്പാക്കും.കട്ടപ്പന താലൂക്ക് ആശുപത്രി നവീകരണത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.  കട്ടപ്പന ഫയർ സ്റ്റേഷൻ പുതിയ കെട്ടിട നിർമ്മാണത്തിന് പണം അനുവദിച്ചു. എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച്, ജില്ലാ പി.എസ്.സി ഓഫീസ് എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.ഹൈറേഞ്ചിൽ നിയമ പഠനത്തിനായി കട്ടപ്പനയിൽ സർക്കാർ ലോ കോളേജ് ആരംഭിക്കും. സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണം ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ബിഎംബിസി നിലവാരത്തിലാണ് ഹൈറേഞ്ചിൽ റോഡുകൾ നിർമ്മിച്ചിട്ടുള്ളത്.വരും തലമുറക്ക് മികച്ച രീതിയിലുള്ള പഠനവും യാത്രാ സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള വികസന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഈ സർക്കാർ അധികാരത്തിലെത്തുമ്പോൾ 17 ലക്ഷം കുടുംബങ്ങളിലാണ് ശുദ്ധജലം ലഭിച്ചിരുന്നത്. കഴിഞ്ഞ മൂന്നര വർഷം കൊണ്ട് 44 ലക്ഷം കുടുംബങ്ങളിൽ  കുടിവെള്ളമെത്തിക്കാൻ കഴിഞ്ഞു. അടുത്ത ഏട്ട് മാസം  കൊണ്ട് ശേഷിച്ച 30 ലക്ഷം കുടുംബങ്ങളിൽ കുടിവെള്ളമെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ജലജീവൻ മിഷൻ പദ്ധതിയിൽ പുരോഗമിക്കുകയാണ്. കട്ടപ്പന നഗരസഭയിൽ കിഫ്ബി പദ്ധതിയിൽ 40 കോടി രൂപയും, അമൃത് പദ്ധതിയിൽ 20 കോടി രൂപയും ഉൾപ്പെടെ 60 കോടി രൂപയുടെ  കുടിവെള്ള പദ്ധതിക്ക് ഈ മാസം തുടക്കമാകും.കല്ലുകുന്ന് അങ്കണവാടിയിൽ കുട്ടികളുടെ പാർക്കിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി രണ്ട് ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി പ്രഖ്യാപിച്ചു.

കട്ടപ്പന നഗരസഭയിൽ കുടിവെള്ള പദ്ധതികൾക്ക് സ്ഥലം കൈമാറിയ സുമതി മണിയപ്പൻ, സിനി സോജൻ, ജമീല അബൂബക്കർ, സെലീന സലീം എന്നിവരെ യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ ആദരിച്ചു. സ്ട്രക്ചറൽ എഞ്ചിനിയറിംഗിൽ ഡോക്ടറേറ്റ് നേടിയ ഡോ.ചിപ്പിമോൾ ജയിംസ്, എം.ജി സർവകലാശാലയിൽ നിന്ന് എം.എസ്.സി കെമിസ്ട്രിയിൽ നിന്ന് ഒന്നാം റാങ്ക് നേടിയ ദയ മേരി മാത്യു, എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ ഗൗരി ലക്ഷമി എന്നിവരെയും മന്ത്രി അനുമോദിച്ചു.

14 ലക്ഷം രൂപ ചെലവിൽ 1200 ചതുരശ്ര അടി വിസ്തീർണത്തിൽ രണ്ട് നിലകളിലായാണ് സ്മാർട്ട് അങ്കണവാടി നിർമിച്ചിട്ടുള്ളത്.  പഠനമുറി, ഭക്ഷണ മുറി, അടുക്കള, സ്റ്റോർ റൂം, ഇൻഡോർ - ഔട്ട്ഡോർ പ്ലേ ഏരിയ, ശിശു സൗഹാർദ്ധ ശുചിമുറി (ബേബി ടോയ്ലറ്റ്) എന്നിവ ഒന്നാം നിലയിലും മുകളിലെ നിലയിൽ കോൺഫറൻസ് ഹാളുമാണ് നിർമിച്ചിട്ടുള്ളത്.അങ്കണവാടിയിലെ കുരുന്നുകളോട് പേരും വിശേഷങ്ങളും ചോദിച്ച മന്ത്രി തിരക്കിനിടയിലും കുട്ടികളോടൊപ്പം സമയം ചെലവഴിച്ചാണ് മടങ്ങിയത്.

കട്ടപ്പന കല്ലുകുന്ന് സ്മാർട്ട് അങ്കണവാടി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കട്ടപ്പന നഗരസഭ വൈസ്ചെയർപേഴ്സൺ കെ.ജെ ബെന്നി അധ്യക്ഷനായി. നഗരസഭാ കൗൺസിലർമാരായ സിജോമോൻ ജോസ്, ധന്യ അനിൽ, വിവിധ രാഷ്ട്രിയ കക്ഷി പ്രതിനിധികളായ മനോജ് എം തോമസ്, മാത്യു ജോർജ്, രതീഷ് വരകുമല, എം. സി ബിജു, വി.ആർ സജി, അങ്കണവാടി അധ്യാപിക അനിത തുടങ്ങിയവർ സംസാരിച്ചു.