പൊതുജനങ്ങള്‍ക്കായി സര്‍ക്കാര്‍ മികച്ച സേവനം ഉറപ്പാക്കുന്നു : മന്ത്രി കെ.രാജു

post

പറക്കോട് ബ്ലോക്ക് പഞ്ചായത്തിന് ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍

പത്തനംതിട്ട: കഴിഞ്ഞ മൂന്നര വര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ പൊതുജനങ്ങളുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും കാര്യക്ഷമമായ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കിവരുകയാണെന്ന് വനം ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. ജില്ലയിലെ ആദ്യ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടിയ ബ്ലോക്ക് പഞ്ചായത്തായി പറക്കോട് ബ്ലോക്കിനെ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് 48,000 സ്‌കൂളുകള്‍ ഹൈടെക്ക് നിലവാരത്തിലേക്ക് ഉയര്‍ത്തി. ആരോഗ്യ മേഖലയില്‍ ആശുപത്രികളുടെ  അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തി കൂടുതല്‍ ജനക്ഷേമമാക്കി. ലൈഫ് പദ്ധതിയിലൂടെ സംസ്ഥാനത്ത് ഭവന രഹിതര്‍ ഇല്ലാത്ത സ്ഥിതിയിലേക്ക് മാറ്റിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് പൊതുജനം ആഗ്രഹിക്കുന്ന സേവനം ലഭ്യമാക്കാന്‍ ജീവനക്കാര്‍ ശ്രദ്ധചെലുത്തണമെന്നും മന്ത്രി പറഞ്ഞു. 

അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ച് ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടിയ പറക്കോട് ബ്ലോക്ക് പഞ്ചായത്തിനെ മന്ത്രി അഭിനന്ദിച്ചു. ഈ സ്ഥാനം നിലനിര്‍ത്തുവാന്‍ വരും വര്‍ഷങ്ങളിലും ബ്ലോക്ക് പഞ്ചായത്തിന് കഴിയണം. മാലിന്യ നിര്‍മ്മാര്‍ജനവുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡിന് മില്‍മ ഒരു കോടി രൂപ നല്‍കും. പ്ലാസ്റ്റിക്കിനെതിരെ കുടുംബശ്രീ പ്രവര്‍ത്തകര്‍ പരിസ്ഥിതി സൗഹൃദ കാരിബാഗുകളുടെ നിര്‍മ്മാണവും ഉപയോഗവും പ്രോല്‍സാഹിപ്പിക്കണം. പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ വന വിഭവങ്ങള്‍ ലഭ്യമാകുന്ന വിപണന കേന്ദ്രം തുടങ്ങുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 

യോഗത്തില്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ്   മന്ത്രി കെ.രാജു പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ പ്രഭയ്ക്ക് നല്‍കി   പ്രകാശനം ചെയ്തു. പൗരാവകാശ രേഖ പ്രകാശനം മന്ത്രി കെ.രാജു അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ കെ.കെ വിമല്‍രാജിന് നല്‍കി നിര്‍വഹിച്ചു. മികച്ച പദ്ധതി പ്രവര്‍ത്തനത്തിനുള്ള അംഗീകാരം ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കുള്ള ഫലകങ്ങള്‍ പത്തനംതിട്ട പി.എ.യു പ്രോജക്ട് ഡയറക്ടര്‍ എന്‍.ഹരി സമ്മാനിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണന്‍, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത, കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ആര്‍ അജീഷ്‌കുമാര്‍, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മക്കുഞ്ഞ്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.പ്രകാശ്, ആര്‍.ഷീല, നിഖില ജിജു തരകന്‍, എസ്. വിമല്‍കുമാര്‍, മായ ഉണ്ണികൃഷ്ണന്‍, ആശാ ഷാജി, ടി.എന്‍ സോമരാജന്‍, സൗദാ രാജന്‍,  ചന്ദ്രമതി, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയന്‍, ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സി.രാധാകൃഷ്ണന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജി.ശ്രീലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.