മഴയിലും പ്രൗഢഗംഭീരം സ്വാതന്ത്ര്യദിന പരേഡ്

post

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കണം: മന്ത്രി റോഷി അഗസ്റ്റിൻ


രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കണമെന്നും രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് പോറലേൽക്കുന്ന ഒന്നിനെയും അംഗീകരിക്കില്ലെന്ന ഉറച്ച പ്രഖ്യാപനം ഈ സ്വാതന്ത്ര്യദിന വേളയിൽ ഉണ്ടാകണമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. 79-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇടുക്കി ഐഡിഎ ഗ്രൗണ്ടിൽ ദേശീയപതാക ഉയർത്തിയശേഷം വിവിധ സേനാവിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 1947ൽ നമുക്ക് ലഭിച്ച സ്വാതന്ത്ര്യം കേവലം രാഷ്ട്രീയ മോചനം മാത്രമല്ല. ലക്ഷകണക്കിന് ജനങ്ങളുടെ സ്വപ്നങ്ങളുടെയും പോരാട്ടത്തിൻ്റെയും ത്യാഗത്തിന്റെയും മഹത്തായ വിജയമാണ് നമ്മുടെ സ്വാതന്ത്ര്യം. അതു കൊണ്ട് തന്നെ അതിന് വലിയ തോതിൽ പരിരക്ഷ നൽകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.

നമ്മുടെ പൂർവികർ നേടിയെടുത്ത പാവന പവിത്രമായ സ്വാതന്ത്ര്യത്തിന് മുറിവേൽക്കുന്നത് നമ്മുടെ ദേശസ്നേഹത്തിന് ക്ഷതമേൽക്കുന്നതാണ്. അയൽ രാജ്യങ്ങളിൽ നിന്ന് വിഘടനവാദ സ്വഭാവങ്ങളും പഹൽഗാമിൽ രാജ്യം വേദനിച്ചതും നമ്മൾ ദുഃഖത്തോടെ വീക്ഷിച്ചു. എന്നാൽ ഓപ്പറേഷൻ സിന്ദൂറിലൂടെ നമ്മുടെ സേന അതിനെ അതിജീവിച്ചുവെന്ന സംതൃപ്തിയുണ്ട്. മതാധിഷ്ഠിത രാജ്യമല്ല നമ്മുടെ രാജ്യം മതേതര രാഷ്ട്രമാണെന്ന സന്ദേശം  കെട്ടുറപ്പോടെ സമൂഹത്തിന് കൊടുക്കാൻ സാധിക്കണം.

രാജ്യം വളരുന്നതോടെ സംസ്ഥാനത്തും മാറ്റങ്ങളുണ്ടാകും. നിപ്പ, കോവിഡ് തുടങ്ങിയ മഹാമാരികൾ പ്രളയം തുടങ്ങിയ ദുരന്തങ്ങൾ അങ്ങനെ കഴിഞ്ഞ ഒൻപതു വർഷത്തിനിടെ സംസ്ഥാനം ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചു. നമ്മുടെ ആശുപത്രികൾ മികച്ചതായി. തകർന്നടിഞ്ഞ റോഡുകൾ നവീകരിച്ചു. ലക്ഷകണക്കിന് പേർക്ക് തൊഴിൽ നൽകി. 1964 ലെയും 91ലെയും ഭൂപതിവ് നിയമം  ഭേദഗതി ചെയ്ത് ചട്ടങ്ങൾ രൂപീകരിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്. നിയമം പ്രാബല്യത്തിലാകുന്നതോടെ ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.  


പരേഡ് കമാന്റര്‍ ശാന്തൻപാറ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ് ശരൺലാലിന്റെ  നേതൃത്വത്തില്‍ നടത്തിയ പരേഡില്‍ എസ് പി സി ബാന്‍ഡ്, പോലീസ് ബാന്‍ഡ് ഉള്‍പ്പെടെ 23 പ്ലറ്റൂണുകളാണ് അണിനിരന്നത്. പൊലീസ്- 3 (ഡിസ്ട്രിക്ട് ഹെഡ് ക്വാര്‍ട്ടേഴ്സ്, ലോക്കല്‍ പൊലീസ് പുരുഷ വിഭാഗം, ലോക്കല്‍ പൊലീസ് വനിത വിഭാഗം), എക്സൈസ് , വനം വകുപ്പ്, എന്‍.സി.സി സീനിയര്‍ ഡിവിഷന്‍ -3 (കട്ടപ്പന ഗവ കോളേജ്, മുരിക്കാശ്ശേരി പാവനാത്മ കോളേജ്, സെന്റ് ജോര്‍ജ് എച്ച്.എസ്.എസ് വാഴത്തോപ്പ്), എന്‍.സി.സി ജൂനിയര്‍ ഡിവിഷന്‍ -2 (കുളമാവ് ജവഹര്‍ നവോദയ വിദ്യാലയത്തിൽ നിന്ന് പെണ്‍കുട്ടികൾ, ആണ്‍കുട്ടികൾ എന്നീ വിഭാഗം), എസ്.പി.സി- 5 (പൈനാവ് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, വാഴത്തോപ്പ് സെന്റ് ജോര്‍ജ് എച്ച്.എസ് പെണ്‍കുട്ടികൾ, ആൺകുട്ടികൾ എന്നീ വിഭാഗം, നങ്കിസിറ്റി എസ്.എന്‍ .എച്ച്.എസ്, മുരിക്കാശ്ശേരി സെന്റ്. മേരിസ് എച്ച് എസ്), സ്‌കൗട്ട് 2 (കുളമാവ് ജവഹര്‍ നവോദയ വിദ്യാലയം, പൈനാവ് കേന്ദ്രീയ വിദ്യാലയം), ഗൈഡ്സ്-3 (കുളമാവ് ജവഹര്‍ നവോദയ വിദ്യാലയം, പൈനാവ് കേന്ദ്രീയ വിദ്യാലയം,വാഴത്തോപ്പ് സെന്റ് ജോര്‍ജ് എച്ച്.എസ് ) എന്നിങ്ങനെയായിരുന്നു പ്ലറ്റൂണുകള്‍. 

   കുളമാവ് ജവഹര്‍ നവോദയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളായ ഇമ്മാനുവേൽ ജെയിംസിന്റെ നേതൃത്വത്തിലുള്ള സംഘം ദേശിയഗാനത്തിനും  റീമ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ദേശഭക്തി ഗാനത്തിനും നേതൃത്വം നല്‍കി.