ബാലസുരക്ഷിത കേരളം: ഏകദിന ശില്പശാലയ്ക്ക് തുടക്കമായി

post

വനിത ശിശു വികസന വകുപ്പ് സംഘടിപ്പിച്ച 'ബാലസുരക്ഷിത കേരളം' ഏകദിന ശില്പശാല മാസ്‌ക്കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.

ബാലസുരക്ഷിത സമൂഹം സൃഷ്ടിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും 'ബാലസുരക്ഷിത കേരളം' കർമ്മപദ്ധതിയിലൂടെ പൊതുഇടങ്ങളിലും വിദ്യാലയങ്ങളിലും ഉൾപ്പെടെ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും ചടങ്ങിൽ സംസാരിക്കവേ മന്ത്രി പറഞ്ഞു.

കേരളത്തിലെ കുട്ടികളുടെ സുരക്ഷയും സമഗ്ര വളർച്ചയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ബാലസുരക്ഷിത കേരളം' സമഗ്ര കർമ്മപദ്ധതി നടപ്പിലാക്കുന്നത്. കേരളം കുട്ടികളുടെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും മുന്നിലാണെങ്കിലും, അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും വളർച്ചാഘട്ടങ്ങളിൽ ആവശ്യമായ പിന്തുണ നൽകുന്നതിലും ഇനിയും മുന്നോട്ട് പോകണം. ഇതിനായി വിവിധ സർക്കാർ വകുപ്പുകളൂം, സ്ഥാപനങ്ങളും, പൊതുജനങ്ങളും ഒന്നിച്ചു പ്രവർത്തിക്കണം. കുട്ടികൾക്കെതിരായ ഒട്ടേറെ സംഭവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഇത്തരമൊരു കേന്ദ്രീകൃത പ്രവർത്തനം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.

പൊതുഇടങ്ങളിലും വിദ്യാലയങ്ങളിലും ഉൾപ്പെടെ കുട്ടികളെ സുരക്ഷിതരാക്കുക, അവർക്കെതിരെയുള്ള അതിക്രമങ്ങളും ലൈംഗിക അതിക്രമങ്ങളും പൂർണ്ണമായും ഇല്ലാതാക്കുകയാണ് പ്രധാനമായും ബാലസുരക്ഷിത കേരളം പദ്ധതിയിലുള്ളത്. വിവിധ വകുപ്പുകൾ ഒരു ഇന്റഗ്രേറ്റഡ് പ്ലാറ്റ്‌ഫോമിൽ ഒരുമിച്ച് പ്രവർത്തിക്കും. ഇതിനായി ആക്ഷൻ പ്ലാൻ രൂപീകരിച്ച്, ഹ്രസ്വകാല, ദീർഘകാല ലക്ഷ്യങ്ങൾ നിശ്ചയിച്ചാണ് മുന്നോട്ട് പോകുന്നത്. ഓരോ മാസവും തയ്യാറാക്കുന്ന പുരോഗതി റിപ്പോർട്ടുകൾ മുഖ്യമന്ത്രിക്ക് സമർപ്പിക്കും. വിവിധ വകുപ്പുകളുടെ ഉത്തരവാദിത്തങ്ങൾ കൂടുതൽ വ്യക്തമാക്കുന്നതിനും പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും ശിൽപ്പശാല പ്രയോജനപ്പെടുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

വീടിനുള്ളിലോ സ്‌കൂളിലോ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ കുട്ടികൾ പറയുമ്പോൾ അവ ശ്രദ്ധിക്കപ്പെടാതെ പോകുകയും, പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ആദ്യ അവസരം നഷ്ടപ്പെടുകയും ചെയ്യാറുണ്ട്. കുട്ടികൾക്ക് എന്ത് പ്രശ്‌നമുണ്ടെങ്കിലും തങ്ങളെ കേൾക്കാനും പരിഹരിക്കാനും ആളുകളുണ്ടെന്ന ആത്മവിശ്വാസം നൽകേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.

ശബരിമല മണ്ഡലകാലത്ത് ഭിക്ഷാടനത്തിനായി കുട്ടികളെ ഉപയോഗിക്കുന്നത് തടയുന്ന 'ശരണബാല്യം', ഐസിഡിഎസ് പ്രോജക്റ്റുകളുടെ ഭാഗമായുള്ള പാരന്റിംഗ് ക്ലിനിക്കുകൾ എന്നിവ ഉൾപ്പടെയുള്ള വിവിധ പദ്ധതികളിലൂടെ കുട്ടികളുടെ സംരക്ഷണത്തിൽ സർക്കാർ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ചൈൽഡ് ഹെൽപ് ലൈൻ നമ്പറിൽ നിരവധി കോളുകൾ ലഭിക്കുന്നുണ്ടെങ്കിലും കുട്ടികളിൽ നിന്നുള്ള കോളുകൾ കുറവാണ്. ചൈൽഡ് ഹെൽപ് ലൈൻ നമ്പർ (1098) കുട്ടികൾക്ക് നേരിട്ട് വിളിക്കാവുന്ന ഒന്നായി പ്രസിദ്ധപ്പെടുത്തുമെന്നും, സ്‌കൂളുകളിലടക്കം ഇതിന് പ്രചരണം നൽകുമെന്നും മന്ത്രി അറിയിച്ചു.

ബാലസുരക്ഷിത കേരളം ലോഗോ മന്ത്രി പ്രകാശനം ചെയ്തു. വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി. കുമാർ പദ്ധതി ലക്ഷ്യങ്ങളും നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളും അവതരിപ്പിച്ചു. തിരുവനന്തപുരം റേഞ്ച് ഡി ഐ ജി അജിത ബീഗം, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ എസ് കെ ഉമേഷ്, യൂണിസെഫ് ചൈൽഡ് പ്രൊട്ടക്ഷൻ സ്‌പെഷ്യലിസ്റ്റ് ജി കുമരേശൻ തുടങ്ങിയവർ പങ്കെടുത്തു.