സപ്ലൈകോ ഓണം ഫെയർ 2025 : സംഘാടക സമിതി രൂപീകരിച്ചു

സപ്ലൈകോയുടെ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 25ന് വൈകിട്ട് 4 മണിക്ക് പുത്തരിക്കണ്ടം ഇ.കെ. നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇതിന്റെ കാര്യക്ഷമമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു.
സംഘാടക സമിതി രൂപീകരണ യോഗം ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ-ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും കേരളത്തിലേത് പോലെ വിപുലമായ പൊതുവിതരണ സംവിധാനമില്ലെന്ന് മന്ത്രി പറഞ്ഞു. റേഷൻ കടകളിലും സപ്ലൈകോ ഔട്ലെറ്റുകളിലും കഴിഞ്ഞ രണ്ടോ മൂന്നോ ആഴ്ചകളായി വെളിച്ചെണ്ണ ഉൾപ്പെടെ എല്ലാ ഉൽപ്പന്നങ്ങളും ലഭ്യമാക്കാൻ സാധിച്ചത് സന്തോഷകരമാണെന്ന് മന്ത്രി പറഞ്ഞു. സപ്ലൈകോ ഔട്ലെറ്റുകളിൽ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ശ്രദ്ധേയമായ പരിശ്രമങ്ങൾ നടന്നിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ഓണക്കാലങ്ങളിൽ സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടായിരുന്നിട്ടും ആവശ്യമായ ഉൽപ്പന്നങ്ങൾ ലഭ്യമാക്കാൻ സപ്ലൈകോ കാര്യക്ഷമമായി പ്രവർത്തിച്ചു. ഇത്തവണ ഭക്ഷ്യ വകുപ്പും കോർപറേഷനും നേരത്തേ ഇടപെട്ട് വിലവർധന തടയാൻ നടപടികൾ സ്വീകരിച്ചു. ജീവനക്കാർ മഹാഭൂരിപക്ഷവും പ്രതിസന്ധികൾ മറികടക്കാൻ സജീവമായി ഇടപെടുന്നുണ്ട്.
ജൂലൈ മാസം മാത്രം 85% മലയാളികൾ റേഷൻ കടകളിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങിയിട്ടുണ്ട്. കേരഫെഡ് വെളിച്ചെണ്ണയുടെ എംആർപി 529 രൂപയാണെങ്കിലും സപ്ലൈകോ ഔട്ലെറ്റുകളിൽ 457 രൂപയ്ക്ക് ലഭ്യമാക്കാൻ തീരുമാനിച്ചു. ആദ്യം ഒരു കാർഡിന് ഒരു ലിറ്റർ എന്ന പരിധി നിശ്ചയിച്ചിരുന്നെങ്കിലും, അത് നീക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ ആവശ്യമുള്ളവർക്ക് കൂടുതൽ വാങ്ങാൻ അവസരമുണ്ടാകും. വില കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ജനങ്ങൾക്ക് പരമാവധി ആശ്വാസം നൽകുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സപ്ലൈകോ ഓണം ഫെയർ 2025ന്റെ സംഘാടക സമിതി രൂപീകരിച്ചു. മുഖ്യ രക്ഷാധികാരിയായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രവർത്തിക്കും, രക്ഷാധികാരികളായി എംപിമാരായ ശശി തരൂർ, എ.എ. റഹീം, എംഎൽഎമാരായ ആന്റണി രാജു, വി.കെ. പ്രശാന്ത്, വി. ജോയ്, മുൻ എം.എൽ.എ മാങ്കോട് രാധാകൃഷ്ണൻ എന്നിവർ പ്രവർത്തിക്കും. മേയർ ആര്യ രാജേന്ദ്രൻ ചെയർമാനും, ഡെപ്യൂട്ടി മേയർ പി.കെ. രാജു വർക്കിംഗ് ചെയർമാനും, സപ്ലൈകോ റീജിയണൽ മാനേജർ സ്മിത എസ്.ആർ. ജനറൽ കൺവീനറും, ജില്ലാ സപ്ലൈ ഓഫീസർ സിന്ധു കൺവീനറുമാണ്. തമ്പാനൂർ വാർഡ് കൗൺസിലർ ഹരികുമാർ, സപ്ലൈകോ എ.ആർ.എം., എ.എം.മാർ, ജില്ലയിലെ താലൂക്ക് സപ്ലൈ ഓഫീസർമാർ എന്നിവർ ജോയിന്റ് കൺവീനർമാരായും പ്രവർത്തിക്കും. യോഗത്തിൽ ഡെപ്യൂട്ടി മേയർ പി.കെ. രാജു, സിവിൽ സപ്ലൈസ് കമ്മീഷണർ ഹിമ കെ., സപ്ലൈകോ മേഖല മാനേജർ സ്മിത എസ്.ആർ., മറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്തു.