സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച് കേരളം

post

പ്രഖ്യാപനം ആഗസ്റ്റ്  21ന്

പഠിതാക്കളിൽ  90 വയസ്സിന് മുകളിൽ പ്രായമുള്ള 15,223 പേരും

രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി കേരളം. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി നടപ്പാക്കിയ 'ഡിജി കേരളം- സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പദ്ധതി' വിജയകരമായി പൂർത്തീകരിച്ചു കൊണ്ടുള്ള പ്രഖ്യാപനം ആഗസ്റ്റ്  21ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തും.

വിവരസാങ്കേതിക മേഖലയിലെ മുന്നേറ്റം എല്ലാ വിഭാഗം ജനങ്ങളിലേക്കും പ്രായോഗികമായി എത്തിച്ച് പ്രായഭേദമന്യേ എല്ലാവർക്കും അടിസ്ഥാന ഡിജിറ്റൽ സാക്ഷരത നൽകാനാണ് പദ്ധതി ലക്ഷ്യമിട്ടത്. രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര ഗ്രാമപപഞ്ചായത്തായി പ്രഖ്യാപിച്ച തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച ഡിജിറ്റൽ സാക്ഷരതാ പദ്ധതി അതേ മാതൃകയിൽ സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുകയായിരുന്നു.      

സ്മാർട് ഫോൺ ഉപയോഗം, ഇന്റർനെറ്റ് ഉപയോഗം, സർക്കാരിന്റെ ഇ-സേവനങ്ങൾ പ്രയോജനപ്പെടുത്തൽ എന്നിവയാണ് പാഠ്യവിഷയങ്ങൾ. 83 ലക്ഷത്തിൽപ്പരം (83,45,879) കുടുംബങ്ങളിലായി ഒന്നരക്കോടിയിലേറെ (1,50,82,536) ആളുകളെ ഉൾപ്പെടുത്തി സർവേ നടത്തി 21,88,398 പേരെ പഠിതാക്കളായി കണ്ടെത്തി.  ഇവരിൽ 21,87,966 (99.98%) പഠിതാക്കൾ പരിശീലനം പൂർത്തിയാക്കി. അവരിൽ 21,87,667 (99.98%) പഠിതാക്കൾ മൂല്യനിർണ്ണയത്തിൽ വിജയിച്ച് ഡിജിറ്റൽ സാക്ഷരത കൈവരിച്ചു. സർവേയിലൂടെ കണ്ടെത്തിയ പഠിതാക്കളിൽ  90 വയസ്സിന് മുകളിൽ പ്രായമുള്ള 15,223 പേരും ഉൾപ്പെടുന്നു.

കുടുംബശ്രീപ്രവർത്തകർ, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾ, സാക്ഷരതാ മിഷൻ പ്രേരക്മാർ, എസ്.സി.-എസ്.റ്റി. പ്രൊമോട്ടർമാർ, തൊഴിലുറപ്പ് പദ്ധതി മേറ്റുമാർ, NSS, NCC, NYK, സന്നദ്ധ സേന വോളണ്ടിയർമാർ, ലൈബ്രറി കൗൺസിൽ, യുവജനക്ഷേമ ബോർഡ്, സന്നദ്ധസംഘടനകൾ, യുവതീ-യുവാക്കൾ, വിദ്യാർഥികൾ എന്നിവർ ഉൾപ്പെടെ 2,57,000 വോളണ്ടിയർമാരെ ഉപയോഗിച്ചാണ് വിവരശേഖരണവും പരിശീലനവും മൂല്യനിർണയവും നടത്തിയത്.

പരിശീലനം പൂർത്തിയാക്കിയവരെ മൂല്യനിർണയ പ്രക്രിയയ്ക്ക് വിധേയരാക്കി. മൂല്യനിർണയത്തിൽ പരാജയപ്പെട്ടവർക്ക് വീണ്ടും പരിശീലനം നൽകി തുടർമൂല്യനിർണയവും ഉറപ്പാക്കി. 'ഡിജി കേരളം'പദ്ധതിയുടെ സുതാര്യത ഉറപ്പാക്കുന്നതിനായി ജില്ലാ തലത്തിൽ സൂപ്പർ ചെക്ക് പ്രക്രിയ ജില്ലാ ജോയിന്റ്  ഡയറക്ടറുടെ നേതൃത്വത്തിൽ പൂർത്തീകരിക്കുകയും ചെയ്തു.  സൂപ്പർ ചെക്കിൽ 10%-ൽ അധികം പഠിതാക്കൾ പരാജയപ്പെട്ട എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സർവേയിലൂടെ കണ്ടെത്തിയ എല്ലാ പഠിതാക്കൾക്കും വീണ്ടും പരിശീലനം നൽകി.

ഡിജി കേരളം' പദ്ധതിയുടെ തേർഡ് പാർട്ടി മൂല്യ നിർണ്ണയം ഇക്കണോമിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പ് മുഖേന നടത്തി. മേൽ പ്രവർത്തനങ്ങൾക്കായി ഒരു വെബ് പോർട്ടലും, മൊബൈൽ ആപ്ലിക്കേഷനും സജ്ജീകരിച്ചിരുന്നു.  സമ്പൂർണ സാക്ഷരത നേടുന്ന ആദ്യ സംസ്ഥാനമെന്ന പദവിക്ക് പുറമെ, സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടുന്ന ആദ്യ സംസ്ഥാനമെന്ന ബഹുമതിയും കേരളം സ്വന്തമാക്കിയിരിക്കുന്നു.