ഇ-മാലിന്യശേഖരണത്തിന് മികച്ച തുടക്കം

ഒരു മാസത്തിനുള്ളിൽ ശേഖരിച്ചത് 33,945 കിലോ
അടുത്ത മാസം മുതൽ പഞ്ചായത്തുകളിലും
സംസ്ഥാനത്തെ നഗരസഭകളിൽ ഹരിതകർമസേന തുടക്കം കുറിച്ച ഇ-മാലിന്യ ശേഖരണത്തിന് മികച്ച പ്രതികരണം. ഒരു മാസം മുമ്പ് ആരംഭിച്ച പദ്ധതിയിലൂടെ ഇതുവരെ ശേഖരിച്ചത് 33945 കിലോ ഇ-മാലിന്യം. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതൽ ഇ-മാലിന്യം ശേഖരിച്ചത് - 12261 കിലോ.
ഇ-മാലിന്യം ഹരിതകർമസേനയ്ക്ക് കൈമാറുമ്പോൾ വരുമാനവും ലഭിക്കുന്നു. അപകടകരമല്ലാത്ത ഇലക്ട്രോണിക്- ഇലക്ട്രിക്കൽ ഗണത്തിൽപെടുന്ന 44 ഇനങ്ങളാണ് ഹരിത കർമസേന വില നൽകി ശേഖരിക്കുന്നത്. കിലോഗ്രാം നിരക്കിലാണ് വില. ഇ-മാലിന്യത്തിന് പകരമായി ഹരിതകർമസേന വീടുകൾക്ക് ഇതുവരെ നൽകിയത് 2,63,818.66 രൂപയാണ്. നിലവിൽ നഗരസഭകളിൽ നടപ്പാക്കുന്ന പദ്ധതി അടുത്ത മാസത്തോടെ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും.
ടിവി, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, മൈക്രോവേവ് ഓവൻ, മിക്‌സർ ഗ്രൈൻഡർ, ഫാൻ, ലാപ്‌ടോപ്, കമ്പ്യൂട്ടർ, മോണിറ്റർ, മൗസ്, കീബോർഡ്, എൽസിഡി മോണിറ്റർ, എൽസിഡി/എൽഇഡി ടെലിവിഷൻ, പ്രിന്റർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ, അയൺ ബോക്‌സ്, മോട്ടോർ, മൊബൈൽ ഫോൺ, ടെലിഫോൺ, റേഡിയോ, മോഡം, എയർ കണ്ടീഷണർ, ബാറ്ററി, ഇൻവർട്ടർ, യുപിഎസ്, സ്റ്റെബിലൈസർ, വാട്ടർ ഹീറ്റർ, വാട്ടർ കൂളർ, ഇൻഡക്ഷൻ കുക്കർ, എസ്എംപിഎസ്, ഹാർഡ് ഡിസ്‌ക്, സിഡി ഡ്രൈവ്, പിസിബി ബോർഡുകൾ, സ്പീക്കർ, ഹെഡ്‌ഫോണുകൾ, സ്വിച്ച് ബോർഡുകൾ, എമർജൻസി ലാമ്പ് തുടങ്ങിയവ ഹരിതകർമസേനയ്ക്ക് കൈമാറാം.
ശേഖരിക്കുന്ന ഉപകരണങ്ങൾ ക്ലീൻ കേരള കമ്പനിയിൽ എത്തിച്ച് അവിടെ തരംതിരിക്കുന്നു. ഉപയോഗപ്രദമായ വസ്തുക്കൾ പുനരുപയോഗത്തിനായി നീക്കിവെക്കുന്നു. പുനചംക്രമണം ചെയ്യാൻ സാധിക്കുന്ന വസ്തുക്കൾ ഈ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് കൈമാറുന്നു. ഒരു ഉപയോഗവും ഇല്ലാത്ത സാമഗ്രികൾ കൃത്യമായ മാനണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നിർമാർജനം ചെയ്യുന്നു. ഈ മേഖലയിൽ വിവിധ സ്വകാര്യ സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ശേഖരിക്കുന്ന ഇ-മാലിന്യത്തിന്റെ ശാസ്ത്രീയമായ സംസ്‌കരണവും സുരക്ഷിതമായ നിർമാർജനവും ഉറപ്പാക്കാനാകുമെന്നതാണ് ഹരിതകർമസേന വഴിയുള്ള ഇ-മാലിന്യ ശേഖരണത്തിന്റെ മേന്മ. അതിനാൽ, ഹരിതകർമസേന നൽകുന്ന ഈ സേവനം ഉപയോഗപ്പെടുത്താൻ എല്ലാവരും തയ്യാറാകണമെന്ന് ശുചിത്വ മിഷൻ അഭ്യർഥിച്ചു.
ഹരിതകർമ സേന കൺസോർഷ്യം ഫണ്ടിൽനിന്നോ തദ്ദേശസ്ഥാപനത്തിന്റെ തനത് ഫണ്ടിൽനിന്നോ ആണ് വീടുകൾക്കും സ്ഥാപനങ്ങൾക്കും വില നൽകുന്നത്. ക്ലീൻ കേരള കമ്പനി ഏറ്റെടുക്കുമ്പോൾ ഈ തുക ഹരിതകർമ സേനയ്ക്ക് തിരികെ ലഭിക്കുന്നു.
ശേഖരിക്കേണ്ട മാലിന്യങ്ങൾ, പുനഃസംസ്‌കരണം സാധ്യമായവ, അപകടകരമായവ, ശേഖരിക്കുമ്പോഴും കൊണ്ടുപോകുമ്പോഴും പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ, ഇ- മാലിന്യത്തിന്റെ വില എന്നീ വിഷയങ്ങളിൽ ഹരിതകർമസേനയ്ക്ക് പരിശീലനം നൽകിയാണ് പദ്ധതി ആരംഭിച്ചത്. വലിപ്പമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഏറ്റെടുക്കുമ്പോൾ അത് ക്ലീൻ കേരള കമ്പനിയിൽ എത്തിക്കാനുള്ള ഗതാഗതസംവിധാനവും തൊഴിലാളികളുടെ സേവനവും ആദ്യഘട്ടത്തിൽ ഹരിതകർമസേനയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചു.
ഇ-മാലിന്യത്തിന്റെ ശാസ്ത്രീയമായ സംസ്‌കരണം ഉറപ്പാക്കാൻ ആരംഭിച്ച പദ്ധതി ക്ലീൻ കേരള കമ്പനി, ശുചിത്വ മിഷൻ, കുടുംബശ്രീ, എന്നീ ഏജൻസികളുമായി ചേർന്ന് തദ്ദേശസ്വയംഭരണ വകുപ്പാണ് നടപ്പാക്കുന്നത്.