കോഴിക്കോട് സിവില്‍ സ്റ്റേഷനും പരിസരവും മാലിന്യമുക്തമാക്കും; ജില്ലാ കലക്ടർ ശുചീകരണ യജ്ഞത്തിന് തുടക്കമിട്ടു

post

കോഴിക്കോട് സിവില്‍ സ്റ്റേഷനും പരിസരവും മാലിന്യമുക്തമാക്കി ഹരിതവത്കരിക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് തുടക്കമിട്ടു. കോഴിക്കോട് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം തൊഴിലാളികളും എന്‍എസ്എസ് വളണ്ടിയര്‍മാരും കലക്ടറേറ്റിലെ ഇന്റേണ്‍ഷിപ്പ് വിദ്യാര്‍ഥികളും ആര്‍ജിഎസ്എ കോഓഡിനേറ്റര്‍മാരും ഉദ്യോഗസ്ഥരും ശുചീകരണ തൊഴിലാളികളുമെല്ലാം കലക്ടര്‍ക്കൊപ്പം ഒന്നിച്ചിറങ്ങിയതോടെ ശുചീകരണം അതിവേഗത്തിലായി. വരും ദിവസങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ തുടരുകയും മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനുമായി സഹകരിച്ച് സിവില്‍ സ്റ്റേഷനിലെ ഗാലറികളിലും മറ്റും ചെടികള്‍ നട്ടുപിടിപ്പിക്കുകയും ചെയ്യുന്നതോടെ 'ക്ലീന്‍ ആന്‍ഡ് ഗ്രീന്‍' ലക്ഷ്യം പൂര്‍ത്തീകരണത്തിലെത്തും. 

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മാലിന്യമുക്ത നവകേരളം പദ്ധതി, ഹര്‍ ഘര്‍ തിരംഗ ഹര്‍ ഘര്‍ സ്വച്ഛത ക്യാമ്പയിന്‍ എന്നിവയുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിലാണ് മെഗാ ക്ലീനിങ്ങിന് തുടക്കമായത്. സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി കോര്‍പ്പറേഷന്റെ അഴക് പദ്ധതിയുമായി സഹകരിച്ചാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

ശേഖരിക്കുന്ന മാലിന്യങ്ങള്‍ കോര്‍പ്പറേഷന് കൈമാറി സംസ്‌കരിക്കും. ഓഫീസുകളിലെ ഇ-മാലിന്യം ശുചിത്വ മിഷന്റെയും കോര്‍പ്പറേഷന്റെയും സഹായത്തോടെ ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. 

സിവില്‍ സ്റ്റേഷനും പരിസരവും വൃത്തിയോടെ സൂക്ഷിക്കാന്‍ എല്ലാ ജീവനക്കാരും പൊതുജനങ്ങളും ശ്രദ്ധിക്കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു. എഡിഎം പി സുരേഷ്, ശുചിത്വ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ ഇ ടി രാകേഷ്, തദ്ദേശ സ്വയംഭരണ വകുപ്പ് അസി. ഡയറക്ടര്‍ രാരാ രാജ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി ടി പ്രസാദ്, എന്‍എസ്എസ് ജില്ലാ കോഓഡിനേറ്റര്‍ ഫസീല്‍ അഹമ്മദ്, എച്ച്.എസ് സി പി മണി, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡെയ്‌സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.