എലത്തൂര്‍ പരാതി പരിഹാര അദാലത്ത്: ആഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 10 വരെ അപേക്ഷ സ്വീകരിക്കും

എലത്തൂര്‍ നിയോജക മണ്ഡലത്തില്‍ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ട യോഗം ചേര്‍ന്നു. വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ സെപ്റ്റംബര്‍ രണ്ടാം വാരം അദാലത്ത് നടത്താനും ഇതിലേക്കുള്ള പരാതികള്‍ ആഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 10 വരെ ഓണ്‍ലൈനായി സ്വീകരിക്കാനും തീരുമാനിച്ചു.
മണ്ഡലത്തിലുള്‍പ്പെടുന്ന പഞ്ചായത്തുകളിലും കോര്‍പ്പറേഷന്‍ ഡിവിഷനുകളിലും അക്ഷയ കേന്ദ്രങ്ങളിലും പരാതി കലക്ഷന്‍ സെല്ലുകള്‍ സജ്ജമാക്കും. പരാതി രജിസ്‌ട്രേഷനായി പ്രത്യേക ഗൂഗിള്‍ ഫോമുകള്‍ തയാറാക്കും. പരാതിക്കാര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷിക്കാന്‍ സൗകര്യമൊരുക്കും. ലഭിക്കുന്ന അപേക്ഷകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വകുപ്പ് മേധാവികള്‍ക്ക് അയക്കാനും തീരുമാനിച്ചു.
ലഭിക്കുന്ന പരാതികള്‍ ഓരോ വകുപ്പും വിഷയാടിസ്ഥാനത്തില്‍ വേര്‍തിരിക്കണമെന്നും ലൈഫ് മിഷനുമായി ബന്ധപ്പെട്ട് വരുന്നവ ചട്ടങ്ങള്‍ പാലിച്ചുള്ളതാണോയെന്ന് പരിശോധിക്കണമെന്നും അദാലത്തിലെത്തുന്ന പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഹാജരായിരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. എല്ലാ വകുപ്പുകളും അദാലത്തിനുള്ള മുന്നൊരുക്ക നടപടികള്‍ ആഗസ്റ്റ് 20നകം പൂര്‍ത്തീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം പി സുരേഷ്, വാട്ടര്‍ അതോറിറ്റി അസി. എഞ്ചിനീയര്‍ സി എം ആതിര, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി എല്‍ വിഷ്ണു, വിവിധ വകുപ്പ് മേധാവികള്‍, ടെക്‌നിക്കല്‍ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.