പെരിങ്ങരയില്‍ 'ചങ്ങാതിക്കൊരു തൈ' പദ്ധതിക്ക് തുടക്കം

post

ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ പത്തനംതിട്ട പെരിങ്ങര ഗ്രാമപഞ്ചായത്തില്‍ 'ചങ്ങാതിക്കൊരു തൈ' പദ്ധതി ആരംഭിച്ചു. പഞ്ചായത്തിന്റെ സഹകരണത്തിലൂടെ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പെരിങ്ങര പി എം വി ഹൈസ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് നിര്‍വഹിച്ചു. വീട്ടില്‍നിന്നും വിദ്യാര്‍ഥികള്‍ കൊണ്ടുവന്ന ഔഷധ -ഫല വൃക്ഷത്തൈകള്‍ സ്‌കൂളിലെ സഹപാഠിക്ക് കൈമാറിയാണ് പദ്ധതി നടപ്പാക്കുന്നത്. വീടുകളില്‍ തൈ നടുന്നതിനും പരിപാലിക്കുന്നതിനുമുള്ള നിര്‍ദേശം അധ്യാപകര്‍ നല്‍കി. നവകേരളം കര്‍മ പദ്ധതിയുടെ 'ഒരു കോടി ജനകീയ വൃക്ഷവത്കരണം- ഒരു തൈ നടാം' കാമ്പയിന്റെ ഭാഗമായാണ് പദ്ധതി. പ്രഥമാധ്യാപിക റിറ്റി അധ്യക്ഷയായി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ റിക്കു മോനി വര്‍ഗീസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ അശ്വതി രാമചന്ദ്രന്‍, സനല്‍കുമാരി, എം സി ഷൈജു എന്നിവര്‍ പങ്കെടുത്തു.