ഓണം ഖാദി മേളക്ക് തുടക്കമായി

post

സര്‍ക്കാരിന്റെയും കോഴിക്കോട് സര്‍വോദയ സംഘത്തിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഓണം ഖാദി മേളയുടെ ഉദ്ഘാടനം വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിർവഹിച്ചു. 

ഖാദി മേഖലയെ കൂടുതല്‍ ജനകീയമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് മന്ത്രി പറഞ്ഞു .മിഠായി തെരുവിലെ ഖാദി ഗ്രമോദ്യോഗ് എംബോറിയത്തില്‍ ആഗസ്റ്റ് രണ്ട് മുതല്‍ സെപ്റ്റംബര്‍ നാല് വരെയാണ് ഓണം ഖാദി മേള. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഖാദി തുണിത്തരങ്ങളും ഗ്രാമ വ്യവസായ ഉല്‍പന്നങ്ങളും ഇളവുകളോടെയും ക്രെഡിറ്റ് കാര്‍ഡ് സൗകര്യത്തിലും മേളയില്‍ ലഭിക്കും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, ബാങ്ക്, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പലിശരഹിത ക്രെഡിറ്റ് കാര്‍ഡ് സൗകര്യവും ഖാദി ഉല്‍പന്നങ്ങള്‍ക്ക് 30 ശതമാനം റിബേറ്റും മേളയില്‍ ലഭ്യമാണ്. 

16 ഇനങ്ങള്‍ അടങ്ങിയ 'സ്വദേശി സ്വാദ്' ഓണക്കിറ്റിന്റെ ആദ്യ വില്‍പ്പനയും മേളയില്‍ നടന്നു. വനിതകള്‍ക്കായി വിലക്കുറവില്‍ 'ഖാദി നയന' ചുരിദാര്‍ ബ്രാന്‍ഡിനൊപ്പം കോട്ടണ്‍ സാരികള്‍, ബെഡ്ഷീറ്റുകള്‍, ദോത്തികള്‍, ഷര്‍ട്ട് പീസ്, കിടക്കകള്‍, ബേക്കറി ഉല്‍പന്നങ്ങള്‍, ഗ്രോസറി ഉല്‍പന്നങ്ങള്‍, പാലക്കാടന്‍ മണ്‍പാത്രങ്ങള്‍, ആയുര്‍വേദ ഉല്‍പന്നങ്ങള്‍, പച്ചക്കറി വിത്തുകള്‍, പലചരക്ക് വിഭവങ്ങള്‍ തുടങ്ങി ആയിരത്തിലധികം ഗ്രാമ വ്യവസായ ഉല്‍പന്നങ്ങള്‍ മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലതര്‍ ഉല്‍പന്നങ്ങള്‍, ചെരിപ്പുകള്‍, ഫര്‍ണിച്ചറുകള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയവ 10 ശതമാനം വിലക്കുറവില്‍ ലഭിക്കും. രാവിലെ പത്ത് മുതല്‍ രാത്രി എട്ട് വരെയാണ് പ്രവര്‍ത്തനം.

ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, സര്‍വോദയ സംഘം സെക്രട്ടറി എം കെ ശ്യാമപ്രസാദ്, കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ് ജയശ്രീ, കൗണ്‍സിലര്‍ എസ് കെ അബൂബക്കര്‍, സര്‍വോദയ സംഘം പ്രസിഡന്റ് കെ കെ മുരളീധരന്‍, ആര്‍ട്ടിസ്റ്റ് വി പി അനുപമ, ഖാദി ഗ്രാമോദ്യോഗ് എംബോറിയം മാനേജര്‍ ടി ഷൈജു തുടങ്ങിയവര്‍ സംസാരിച്ചു.