വല്ലന വനിതാ ജിം ആന്റ് ഫിറ്റ്‌നസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട പന്തളം ബ്ലോക്ക് പഞ്ചായത്ത് വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നിര്‍മിച്ച വനിതാ ജിം ആന്റ് ഫിറ്റ്‌നസ് സെന്റര്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ ജനകീയ, കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മാതൃകാപരമെന്ന് മന്ത്രി പറഞ്ഞു .
സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടാണ് വനിതാ ജിം ആന്റ് ഫിറ്റ്‌നസ് സെന്റര്‍ ആരംഭിച്ചത്. തുമ്പമണ്ണിലെ വെല്‍നെസ് സെന്ററില്‍ 46 ഓളം സ്ത്രീകള്‍ രാവിലെയും വൈകിട്ടും വ്യായാമത്തിനെത്തുന്നു. ഈ മാതൃകയാണ് വല്ലനയും പിന്തുടരുന്നത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ 7.30 മുതല്‍ 10 വരെയും വൈകിട്ട് 3.30 മുതല്‍ 6.30 വരെയുമാണ് പ്രവര്‍ത്തനം. പന്തളം ബ്ലോക്ക് പഞ്ചായത്തിലുള്‍പ്പെടുന്ന സ്ത്രീകള്‍ക്ക് ജീവിതശൈലി രോഗങ്ങളെ ചെറുക്കാന്‍ വെല്‍നെസ് സെന്റര്‍ സഹായിക്കും. ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചു ലക്ഷം രൂപ ചെലവിലാണ് ഫിറ്റ്‌നസ് സെന്റര്‍ നിര്‍മിച്ചത്.
വല്ലന സാമൂഹിക കേന്ദ്രമടക്കം വളര്‍ച്ചയുടെ പാതയിലാണ്. 2.5 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടം ഓഗസ്റ്റ് അവസാനം ഉദ്ഘാടനം ചെയ്യും. പഴയ സബ് സെന്റുകളെല്ലാം പരിഷ്‌കരിച്ച് ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി. പഞ്ചായത്ത്, ബ്ലോക്ക് തലത്തില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി. സംസ്ഥാനത്തെ ആരോഗ്യ രംഗം ഏറെ മെച്ചപ്പെട്ടതായും മന്ത്രി വ്യക്തമാക്കി.
പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എസ് അനീഷ് മോന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, പന്തളം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി എം മധു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രേഖ അനില്‍, ജോണ്‍സണ്‍ ഉള്ളന്നൂര്‍, രജിത കുഞ്ഞുമോന്‍, ജൂലി ദിലീപ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിത കുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ് ശ്രീകുമാര്‍, ജില്ലാ ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അംജിത്ത് രാജീവന്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സനല്‍ കുമാര്‍, വി കെ ബാബുരാജ്, വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. അഞ്ജലി എസ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.