തൊഴിലുറപ്പ് പദ്ധതി : ഓമല്ലൂർ ഗ്രാമപഞ്ചായത്തിൽ പബ്ലിക് ഹിയറിങ് സംഘടിപ്പിച്ചു

post

പത്തനംതിട്ട ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അവസാന പാദ സോഷ്യല്‍ ഓഡിറ്റിന്റെ ഭാഗമായി പബ്ലിക് ഹിയറിങ് സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എന്‍ ആര്‍ ഗീത അധ്യക്ഷയായി. ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍ വി പി പ്രഭുല്ല റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ ശ്രീലക്ഷ്മി നിരീക്ഷകയായി.

2024-25 സാമ്പത്തിക വര്‍ഷത്തെ അവസാന പാദ സോഷ്യല്‍ ഓഡിറ്റാണ് പൂര്‍ത്തിയായത്. 2024 സെപ്റ്റംബര്‍ ഒന്ന് മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള പ്രവര്‍ത്തനം ഓഡിറ്റിന് വിധേയമാക്കി. കുടുംബങ്ങള്‍ക്ക് 100 ദിവസം തൊഴില്‍ നല്‍കി. എല്ലാ വാര്‍ഡിലുമായി 3000 മീറ്റര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്തു. തരിശുഭൂമി കൃഷിയോഗ്യമാക്കി. കുടുംബശ്രീ സംരംഭങ്ങള്‍ക്ക് വര്‍ക്ക് ഷെഡുകള്‍ നിര്‍മിച്ചു. ആറുമാസകാലയളവില്‍ ഒന്നരക്കോടിയുടെ പ്രവൃത്തികള്‍  പൂര്‍ത്തീകരിച്ചു. സോഷ്യല്‍ ഓഡിറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നീതു അനില്‍, ജിജി എം ജോര്‍ജ്, നിഷ, ലതിക, രതീഷ്, ബി എസ് അശ്വതി എന്നിവര്‍  നേതൃത്വം നല്‍കി.  

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം വി ജി ശ്രീവിദ്യ, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ. എസ് മനോജ് കുമാര്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സാലി തോമസ്, അംഗങ്ങളായ എം ആര്‍ അനില്‍കുമാര്‍, കെ സി അജയന്‍, ജി സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു