മഞ്ഞുമ്മൽ ഓവർഹെഡ് വാട്ടർ ടാങ്കിന്റെ നിർമ്മാണം ആരംഭിച്ചു

എല്ലാ വീടുകളിലും കുടിവെള്ളം ലഭ്യമാക്കും : മന്ത്രി റോഷി അഗസ്റ്റിൻ
വിവിധ വകുപ്പുകളുമായി ചേർന്ന് പദ്ധതികൾ ആവിഷ്കരിച്ച് സംസ്ഥാനത്തെ മുഴുവൻ വീടുകളിലും കുടിവെള്ളം ഉറപ്പാക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
മഞ്ഞുമ്മൽ ഓവർഹെഡ് വാട്ടർ ടാങ്കിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
മഞ്ഞുമ്മൽ ഓവർഹെഡ് വാട്ടർ ടാങ്കിന്റെ നിർമ്മാണം കൂടി പൂർത്തിയാകുന്നതോടെ ഏലൂർ നഗരസഭയിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്ന് മന്ത്രി പറഞ്ഞു. കളമശ്ശേരിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള പദ്ധതിയ്ക്ക് അംഗീകാരം ലഭിച്ചുവെന്നും നിർമ്മാണം ഉടനെ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു .
ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ചു. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി 50 വർഷം മുന്നിൽ കണ്ടുള്ള പദ്ധതികളാണ് മണ്ഡലത്തിൽ നടപ്പിലാക്കി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കരുമാല്ലൂർ കുന്നുകര പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി സമഗ്ര പദ്ധതിയാണ് ആവിഷ്കരിച്ച് നടപ്പിലാക്കിയത്.
കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് എറണാകുളം കോർപ്പറേഷൻ, കളമശ്ശേരി, തൃക്കാക്കര,മരട് നഗരസഭകൾ വഴി പഞ്ചായത്തുകളിലെ വീടുകളിലേക്ക് 19 ലക്ഷം ലിറ്റർ കുടിവെള്ളം എത്തിക്കുന്നതിനുള്ള പദ്ധതിയ്ക്ക് എ ഡി ബി യുടെ അംഗീകാരം ലഭിച്ചുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ഏലൂർ നഗരസഭയുടെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 8.70 കോടി രൂപ വകയിരുത്തി 15 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിന്റെ നിർമ്മാണം 18 മാസം കൊണ്ട് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത് .
മഞ്ഞുമ്മൽ കോട്ടക്കുന്നിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ എ ഡി സുജിൽ, കേരള വാട്ടർ അതോറിറ്റി ബോർഡ് മെമ്പർ ഉഷാലയം ശിവരാജൻ, മധ്യമേഖല ചീഫ് എഞ്ചിനീയർ വി കെ പ്രദീപ്,വൈസ് ചെയർപേഴ്സൺ ജയശ്രീ സതീഷ്, കൊച്ചി കേരള വാട്ടർ അതോറിറ്റി സൂപ്രണ്ട് എഞ്ചിനീയർ പി എച്ച് സർക്കിൾ എസ് രതീഷ് കുമാർ എന്നിവർ സംസാരിച്ചു.