പാറശ്ശാലയിൽ പുതിയ അഗ്നിരക്ഷാ നിലയം ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം പാറശ്ശാലയിൽ പുതിയ അഗ്നിരക്ഷാ നിലയം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു.
അഗ്നിരക്ഷാ നിലയത്തിനായി പാറശ്ശാല ഗ്രാമപഞ്ചായത്ത് അനുവദിച്ച സ്ഥലത്തിൽ 2021-22 വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപെടുത്തി രണ്ട് കോടി രൂപ ചെലവിലാണ് പുതിയ നിലയത്തിൻ്റെ ഒന്നാം ഘട്ട നിർമ്മാണം പൂർത്തീകരിച്ചത്. രണ്ട് നിലകളിലായി 640 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കെട്ടിടത്തിൻ്റെ താഴത്തെ നിലയിൽ ഓഫീസ് ഏരിയ, ഇലക്ട്രിക്കൽ മെക്കാനിക്കൽ സ്റ്റോർ മുറികളും വാച്ച് റൂമും നാല് ഫയർ ട്രക്കുകൾക്കുള്ള പാർക്കിംഗ് സൗകര്യവും ഉണ്ട്. ഒന്നാം നിലയിലാണ് ഫയർമാൻമാരുടെ വിശ്രമ മുറി സജ്ജീകരിച്ചിട്ടുള്ളത്.
ജനങ്ങൾക്ക് സ്വന്തം അനുഭവത്തിൽ നിന്ന് നേരിട്ട് ബോധ്യപ്പെടുന്ന വികസന ക്ഷേമ പ്രവർത്തനങ്ങളാണ് കഴിഞ്ഞ ഒൻപത് വർഷത്തിൽ സംസ്ഥാനത്ത് സംഭവിച്ചതെന്ന് മന്ത്രി പറഞ്ഞു . പഞ്ചായത്ത് തലം മുതൽ പ്രകടമായ മാറ്റമാണ് സംസ്ഥാനത്ത് സംഭവിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. അങ്കണവാടി മുതൽ സർക്കാരിൻ്റെ വിവിധ സ്ഥാപനങ്ങളിലും,
ഓഫീസ് കെട്ടിടങ്ങളിലും വരെ ഈ മാറ്റം കാണാനാകുമെന്നും സമസ്ത മേഖലയുടെയും വികസനത്തിലൂടെ ഒരു നവകേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഭക്ഷ്യ വിതരണത്തിലും കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
85 ലക്ഷം കുടുംബങ്ങൾക്ക് കഴിഞ്ഞ മാസം റേഷൻ വിതരണം ചെയ്തതായും, രാജ്യത്ത് അതിദരിദ്രർ ഇല്ലാത്ത ഒരേ ഒരു സംസ്ഥാനമായി കേരളം മാറാൻ പോകുകയാണെന്നും അദ്ദേഹം അറിയിച്ചു.
സി. കെ ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ പാറശ്ശാല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൽ.മഞ്ചുസ്മിത സ്വാഗതം ആശംസിച്ചു. പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.കെ ബെൻഡാർവിൻ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിനിതകുമാരി, പാറശ്ശാല ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് ആർ.ബിജു, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.റ്റി അനിതറാണി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വീണ.എസ്, ക്ഷേമകാര്യ സ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജി. ശ്രീധരൻ, ബ്ലോക്ക് അംഗം വൈ.സതീഷ്, അഗ്നിരക്ഷാ വകുപ്പ് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ അരുൺ അൽഫോൺസ്, റീജിയണൽ ഫയർ ഓഫീസർ അബ്ദുൽ റഷീദ്, ജില്ലാ ഫയർ ഓഫീസർ സൂരജ്, സ്റ്റേഷൻ ഓഫീസർ യേശുദാസ്, അഗ്നിരക്ഷാ വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു. പൊതുമരാമത്ത് സൂപ്രണ്ടിംഗ് എൻജിനീയർ രാജി ശിവദാസ് റിപ്പോർട്ട് അവതരിപ്പിച്ചു.