ലോക ജന്തുജന്യരോഗ ദിനാചരണം; ജില്ലാതല ഉദ്ഘാടനവും ബോധവല്‍കരണ സെമിനാറും സംഘടിപ്പിച്ചു

post

ജില്ലാ മെഡിക്കല്‍ ഓഫീസ് ആരോഗ്യം, ദേശീയ ആരോഗ്യ ദൗത്യം, സാമൂഹികാരോഗ്യകേന്ദ്രം രാജാക്കാട് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോക ജന്തുജന്യരോഗ ദിനാചരണം ജില്ലാതല ഉദ്ഘാടനവും ബോധവല്‍കരണ സെമിനാറും സംഘടിപ്പിച്ചു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി കുഞ്ഞ് ഉദ്ഘാടനം ചെയ്തു. രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷാ രതീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സര്‍വെയ്ലന്‍സ് ഓഫീസര്‍ ഡോ. ജോബിന്‍ ജി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. രാജാക്കാട് മെഡിക്കല്‍ ഓഫീസര്‍ ഡോ. ദീപു കൃഷ്ണ ബോധവല്‍കരണ ക്ലാസ്സ് നയിച്ചു.

പഞ്ചായത്തംഗം ബിജി, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ & മീഡിയാ ഓഫീസര്‍ ഷൈലാഭായി, ജില്ലാ എന്‍വിബിഡിസിപി ഓഫീസര്‍ രാജേഷ്, രാജാക്കാട് സി എച്ച് സി ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ആന്റണി ജോസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, തൊഴിലുറപ്പ് മേറ്റുമാര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ജന്തുജന്യ രോഗങ്ങള്‍ ജീവന് തന്നെ ഭീഷണിയായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ വിവിധ വകുപ്പുകള്‍ , സംഘടനകള്‍ എന്നിവര്‍ക്ക് ബോധവത്കരണം നല്‍കുന്നതിനും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമായാണ് ദിനാചരണം ലക്ഷ്യമിടുന്നത്. ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 60 % പകര്‍ച്ചവ്യാധികളും ജന്തു ജന്യമായതിനാല്‍ ഏകാരോഗ്യം എന്ന സമീപനത്തിലൂടെ രോഗ വ്യാപനം തടയുന്നതിനായി രോഗ നിരീക്ഷണപ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമാക്കേണ്ടതായിട്ടുണ്ട്.

മുന്‍കരുതല്‍ വേണം

പകര്‍ച്ച വ്യാധികളില്‍ മൂന്നില്‍ രണ്ടു ഭാഗവും ജന്തുജന്യ രോഗങ്ങളാണ്. എലിപ്പനി, സ്‌ക്രബ് ടൈഫസ്, കുരങ്ങ് പനി, നിപാ, പേ വിഷബാധ, ജപ്പാന്‍ ജ്വരം, വെസ്റ്റ് നൈല്‍ ഫീവര്‍, പക്ഷിപ്പനി എന്നിവയാണ് കേരളത്തില്‍ സാധാരണയായി റിപ്പോര്‍ട്ട് ചെയ്യുന്ന ജന്തുജന്യ രോഗങ്ങള്‍.

മനുഷ്യനും മൃഗങ്ങളും ജീവിത പരിസരങ്ങളിലും വനമേഖലയിലും പരസ്പരം ഇടപഴകുമ്പോള്‍ ജീവികളില്‍ നിന്നും വൈറസ്, ബാക്ടീരിയ, പരാദങ്ങള്‍ തുടങ്ങിയ രോഗാണുക്കള്‍ മനുഷ്യരിലെത്തി രോഗങ്ങള്‍ ഉണ്ടാവുന്നതിന് കാരണമാകുന്നു. മൃഗങ്ങളുമായി നേരിട്ടും അല്ലാതെയുമുള്ള സമ്പര്‍ക്കം, അവയുടെ ശരീര സ്രവങ്ങളുമായുള്ള സമ്പര്‍ക്കം, മൃഗങ്ങളുടെ വാസസ്ഥലം, തൊഴുത്ത്, ഫാമുകള്‍ എന്നിവിടങ്ങളിലുള്ള ഇടപെടലുകള്‍, വളര്‍ത്തുമൃഗങ്ങളുടെ പരിപാലനം ഇവയിലെല്ലാം ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിക്കണം. മൃഗങ്ങളുമായി ഇടപെട്ട് കഴിഞ്ഞാല്‍ ഉടന്‍ തന്നെ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം. മൃഗങ്ങളെ മുഖത്തോട് ചേര്‍ത്ത് ഓമനിക്കരുത്. അഞ്ച് വയസില്‍ താഴെയും 65 വയസിന് മുകളിലും പ്രായമുള്ളവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ മൃഗങ്ങളുമായി അടുത്ത് പെരുമാറുമ്പോള്‍ ശ്രദ്ധിക്കണം. മൃഗങ്ങളില്‍ നിന്ന് മുറിവോ പോറലുകളോ ഉണ്ടായാല്‍ ഉടന്‍ തന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുകയും വൈദ്യസഹായം തേടുകയും വേണം. വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പുകള്‍ കൃത്യമായി എടുക്കണം. വനമേഖലയില്‍ തൊഴിലിനും വിനോദത്തിനുമായി പോകുമ്പോള്‍ ആവശ്യമായ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണം.

ആരോഗ്യം, മൃഗസംരക്ഷണം, വനം, പരിസ്ഥിതി, കൃഷി, വിദ്യാഭ്യാസം, വാര്‍ത്താ വിനിമയം, എന്നീ മേഖലകളിലെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ ജന്തുജന്യരോഗങ്ങളെ പ്രതിരോധിക്കുവാനും നിയന്ത്രിക്കുവാനും കഴിയുകയുള്ളൂ.