ജീവിതശൈലിക്ക് പുതിയ താളംതീർത്ത് ഇരിണാവ് വനിതാ ഫിറ്റ്‌നസ് സെന്റർ

post

പേരിനൊരു പദ്ധതിയല്ല ഇരിണാവ് വനിതാ ഫിറ്റ്നെസ് സെന്റർ. പഞ്ചായത്തിലെ 400 സ്ത്രീകളുടെ ജീവിതശൈലി മാറ്റിമറിച്ച വലിയൊരു തീരുമാനമാണ്. ചിട്ടയായ വ്യായാമം, മികച്ച ആരോഗ്യശീലങ്ങൾ, വിനോദ യാത്രകൾ, വിശേഷ ദിവസങ്ങളിലെ ആഘോഷങ്ങൾ, ആരോഗ്യ ബോധവൽക്കരണ ക്ലാസ്സുകൾ എന്നിങ്ങനെ ഫിറ്റ്‌നസ് സെന്റർ ഒരുക്കിയ വിശാലമായ സാധ്യതകളിൽ ജീവിതത്തിന്റെ താളം കണ്ടെത്തിയെന്ന വലിയ സന്തോഷവും കൂടിയാണ്.

സ്ത്രീകളിൽ വർദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങൾ, രക്തക്കുറവ്, പിസിഒഡി തുടങ്ങിയവ ചിട്ടയായ വ്യായാമത്തിലൂടെയും ക്രമമായ ആരോഗ്യ ശീലങ്ങളിലൂടെയും മാറ്റിയെടുക്കാൻ സാധിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കിയത്. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആവിഷ്‌കരിച്ച ഫിറ്റ്‌നസ് സെന്റർ സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുക, ശാരീരിക ക്ഷമത ഉയർത്തുക എന്നതിനൊപ്പം സ്വയം പ്രതിരോധത്തിന്റെ പാഠങ്ങളും പകർന്നു നൽകുന്നുണ്ട്. പദ്ധതിയുടെ ആരംഭം മുതൽ മികച്ച രീതിയിലുള്ള സ്ത്രീ പങ്കാളിത്തമാണ് ഇവിടെ ലഭിക്കുന്നത്. പൂർണമായും ശീതികരിച്ച കെട്ടിടത്തിൽ എല്ലാതരം ഫിറ്റ്നസ് മെഷീനുകളും ഉണ്ട്. കുറഞ്ഞ നിരക്കിലുള്ള ഫീസ് മാത്രമാണ് ഈടാക്കുന്നത് എന്നതും വനിതകൾക്ക് സഹായകരമാണ്.

15 വയസുമുതലുള്ള പെൺകുട്ടികൾ ഇവിടെ പരിശീലനത്തിനായി എത്താറുണ്ട്. കൂടുതലും മുപ്പതു വയസിനു മുകളിലുള്ള വീട്ടമ്മമാരും ജോലി ചെയുന്നവരുമാണ് പരിശീലനത്തിന് എത്തുന്നത്. പേർസണൽ ട്രെയിനിങ്ങിൽ സർട്ടിഫൈഡായ രണ്ട് വനിതാ ട്രെയിനർമാരാണ് പരിശീലനം നൽകുന്നത്. ആഴ്ചയിൽ എല്ലാ ശനിയാഴ്ചയും ഇവിടെ സൂംബ ക്ലാസും നൽകുന്നുണ്ട്.

മൾട്ടി ജിം, സ്മിത്ത് മെഷീൻ, ആബ്സ് സ്കോർ, ലെഗ് എക്സ്റ്റൻഷൻ, ലെഗ് കേൾ, സൈക്കിൾ, ട്രെഡ് മിൽ എന്നിവയാണ് ഇവിടുത്തെ പ്രധാന മെഷീനുകൾ. മറ്റ് ഫിറ്റ്നസ് സെന്ററുകളെ അപേക്ഷിച്ച് ഇവിടെ ദിവസേന സ്റ്റെപ്പർ, ഏറോബിക്, കാർഡിയോ തുടങ്ങിയ ഗ്രൗണ്ട് വർക്കൗട്ടും നൽകാറുണ്ട്. രാവിലെ ആറ് മുതൽ എട്ട് മണി വരെയും വൈകുന്നേരം മൂന്ന് മണി മുതൽ എട്ട് മണി വരെയുമാണ് ഇവിടുത്തെ പ്രവർത്തന സമയം. ഇതിൽ വൈകുന്നേരം അഞ്ച് ബാച്ചുകളിലായി 200 ഓളംപേർ പരിശീലനത്തിന് എത്താറുണ്ട്. നിലവിൽ 400 ഓളം അഡ്മിഷൻ ഇവിടെയുണ്ട്.

ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഇരിണാവ് വനിതാ സംരംഭകത്വ വിപണന കേന്ദ്രം കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഫിറ്റ്നസ് സെന്റർ പ്രവർത്തിക്കുന്നത്. 2022-23 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി ആരംഭിച്ച ഫിറ്റ്നസ് സെന്റർ 2024-25 പദ്ധതിയിലാണ് പൂർത്തീകരിച്ചത്. 35 ലക്ഷം രൂപയാണ് പദ്ധതിച്ചെലവ്.