കതിരൂർ സ്മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു

കതിരൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഓൺലൈനായി നിർവഹിച്ചു. അറുനൂറോളം വില്ലേജ് ഓഫീസുകൾ സ്മാർട്ടായി മാറുന്ന അത്ഭുതകരമായ മാറ്റത്തിലേക്ക് കേരളം മാറുകയാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ സർവെ സൊല്യൂഷൻ രാജ്യത്തിന്റെ തന്നെ ശ്രദ്ധയാകർഷിച്ച ഒന്നാണെന്നും ഭൂ ഭരണത്തിൽ കേരളം ഇന്ത്യയ്ക്ക് മാതൃകയാണെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാനാണ് സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ അധ്യക്ഷനായി. എല്ലാവർക്കും ഭൂമി എല്ലാവർക്കും രേഖ എന്നത് അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമാക്കുകയാണെന്നും സാങ്കേതിക തടസ്സങ്ങളെ പൂർണമായും പരിഹരിച്ച് എല്ലാ സേവനങ്ങളും ലളിതവൽക്കരിക്കാനാണ് സ്മാർട്ട് വില്ലേജിലൂടെ ലക്ഷ്യമിടുന്നതെന്നും സ്പീക്കർ പറഞ്ഞു. വില്ലേജ് ഓഫീസ് നിർമ്മിക്കാൻ ഒന്നര സെന്റ് സ്ഥലം വിട്ടുനൽകിയ കെ. ഷൈമ, കരാറുകാരൻ കെ.എ ഫൈസൽ എന്നിവർക്കുള്ള ഉപഹാരവും സ്പീക്കർ നൽകി.
ഒരു നിലയുള്ള കെട്ടിടത്തിന്റെ ആകെ വിസ്തീർണം 117.3 ചതുരശ്ര മീറ്ററാണ്. 44 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കിയത്. പുതിയ വില്ലേജ് ഓഫീസിൽ ആധുനിക രീതിയിലുള്ള വെയ്റ്റിംഗ് റൂം, ഓഫീസർ റൂം, ഡോക്യുമെന്റ് റൂം, ഡൈനിംഗ് ഹാൾ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തലശ്ശേരി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാജി തയ്യിൽ റിപ്പോർട്ട് അവതരിപ്പിച്ചു. കതിരൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി സനിൽ, തലശ്ശേരി സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, എ ഡി എം കല ഭാസ്കർ, തലശ്ശേരി തഹസിൽദാർ എം വിജേഷ്, പുത്തലത്ത് സുരേഷ് ബാബു, എം എസ് നിഷാദ്, എം.പി അരവിന്ദാക്ഷൻ, ചെറിയാണ്ടി ബഷീർ, കെ രജീഷ്, വി സത്യലാൽ എന്നിവർ പങ്കെടുത്തു.