ആന്റി ഹൈജാക്ക് മോക്ക് എക്‌സർസൈസ് സംഘടിപ്പിച്ചു

post

സുരക്ഷയും അടിയന്തര പ്രതികരണ സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആന്റി-ഹൈജാക്ക് മോക്ക് എക്‌സർസൈസ് വിജയകരമായി നടത്തി. രാവിലെ 11.20 ഓടെ വിമാനം അപഹരിക്കപ്പെട്ടതായി സന്ദേശം ലഭിച്ച ഉടൻ എ ടി സി ടവറിൽ സബ് കലക്ടർ കാർത്തിക് പാണിഗ്രഹിയുടെ അധ്യക്ഷതയിൽ എയ്‌റോഡ്രോം കമ്മിറ്റി യോഗം ചേർന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കി സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഹൈജാക്കർമാരെ കീഴ്‌പ്പെടുത്തിയതോടെ ഉച്ചക്ക് 12 മണിക്കാണ് മോക്ക് എക്‌സർസൈസിന് സമാപനമായത്.

എയർ ഇന്ത്യ വിമാനമാണ് അഭ്യാസം നടത്താൻ ഉപയോഗിച്ചത്. എക്‌സർസൈസ് വിജയകരമായിരുന്നെന്ന് സബ് കളക്ടർ വിലയിരുത്തി. എയർപോർട്ട് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അശ്വനി കുമാർ കൺവീനർ ആയിരുന്നു. ചീഫ് എയ്‌റോഡ്രോം സെക്യൂരിറ്റി ഓഫീസർ നിതിൻ ത്യാഗി, ചീഫ് സെക്യൂരിറ്റി ഓഫീസർ പി. സതീഷ് ബാബു, അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പോലീസ് കെ വി പ്രമോതൻ, എ എ ഐ അസിസ്റ്റന്റ് ജനറൽ മാനേജർ ജോൺസൻ ജോസഫ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.പി വിനീഷ്, പ്രതിരോധം, സ്‌പെഷൽ ബ്യൂറോ, ഐ ബി, എൻ സ് ജി, വിവിധ എയർലൈൻസ്, ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഏജൻസികളുടെ പ്രതിനിധികൾ പങ്കെടുത്തു.

എയർപോർട്ടിൽ ഒരു വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടാൽ അല്ലെങ്കിൽ ഏതെങ്കിലും ഒരു ഹൈജാക്ക് ചെയ്യപ്പെട്ട വിമാനം എയർപോർട്ടിൽ ഇറങ്ങിയാൽ സ്വീകരിക്കേണ്ട നടപടികളുടെയും അത്തരം സാഹചര്യത്തിൽ എയർപോർട്ടിൽ വേണ്ട സജ്ജീകരണങ്ങളുടേയും അവലോകനമാണ് മോക്ക് എക്‌സർസൈസിൽ നടന്നത്. വർഷത്തിൽ ഒരു തവണ നടത്തുന്ന ഈ എക്‌സർസൈസ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ മാനദണ്ഡം അനുസരിച്ചാണ് നടത്തുന്നത്.