വട്ടവട സർക്കാർ ഹൈസ്‌കൂളിൽ ക്രിയേറ്റീവ് കോർണർ ഉദ്ഘാടനം ചെയ്തു

post

സ്‌കൂൾ വിദ്യാർഥികളെ പഠനത്തോടൊപ്പം വിവിധ തരത്തിലുള്ള കൈത്തൊഴിലുകൾ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരള നടപ്പാക്കുന്ന പദ്ധതിയാണ് 'ക്രിയേറ്റീവ് കോർണർ' വട്ടവട സർക്കാർ ഹൈസ്‌കൂളിൽ ഉദ്ഘാടനം ചെയ്തു. എ. രാജ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. സർക്കാർ വിദ്യാലയങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നും കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും എം.എൽ.എ പറഞ്ഞു. വട്ടവട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗണപതിയമ്മാൾ അധ്യക്ഷത വഹിച്ചു. ഇടുക്കി എസ്.എസ്. കെ ഡിപിസി എ. എം ഷാജഹാൻ പദ്ധതി വിശദീകരിച്ചു.

മൂന്നാർ വിദ്യാഭ്യാസ ഉപജില്ലയിൽ വട്ടവട, ചെണ്ടുവര സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പൊതുവിദ്യാഭ്യാസ മേഖലയിലെ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികളുടെ പഠനപ്രവർത്തനങ്ങളെ ഇത്തരത്തിൽ ക്രീയാത്മകമാക്കുന്നതിനുള്ള പഠനാന്തരീക്ഷം ഒരുക്കുകയാണ് ക്രീയേറ്റീവ് കോർണർ കൊണ്ടുദ്ദേശിക്കുന്നത്. ഇതിലൂടെ നിലവിലെ വർക്ക് എക്സ്‌പീരിയൻസ് പ്രവർത്തനങ്ങൾക്ക് ഒരു പുതിയ അടിസ്ഥാനം ഉണ്ടാക്കാൻ സാധിക്കും. കുട്ടികളിൽ ശരിയായ തൊഴിൽ സംസ്കാരം രൂപപ്പെടുന്നതിനും തൊഴിലും വിജ്ഞാനവും രണ്ടായി നിൽക്കേണ്ടതില്ലെന്ന ബോധ്യമുണ്ടാക്കുന്നതിനും ഇത് സഹായകമാകും.


സ്‌കൂളിലെ ക്രിയേറ്റീവ് കോർണർ പദ്ധതിക്കായി 15 ലക്ഷം രൂപ വിനിയോഗിച്ചാണ് ക്ലാസ് മുറി തയാറാക്കിയിരിക്കുന്നത്. സാധാരണ ക്ലാസ് സമയങ്ങൾ നഷ്ടപ്പെടാതെ പ്രത്യേക സമയം കണ്ടെത്തി വിവിധ കൈത്തൊഴിലുകളിൽ പരിശീലനം ലഭിച്ച അധ്യാപകരാണ് കുട്ടികളെ പഠിപ്പിക്കുക.

കൃഷി രീതികൾ, പാചകം, പെയിന്റിങ്, വയറിങ്, പ്ലംബിങ് , കേക്ക് നിർമാണം, തയ്യൽ തുടങ്ങിയ വിവിധ തരത്തിലുള്ള തൊഴിലുകളിലാണ് പരിശീലനം നൽകുക. കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് കൈത്തൊഴിലുകൾ തിരഞ്ഞെടുത്ത് പരിശീലനം നേടാം.

വട്ടവട മേഖലയിലുള്ള എല്ലാ സ്‌കൂളുകളിലെയും കുട്ടികൾക്ക് ആവശ്യമെങ്കിൽ അധ്യാപകരുടെ അപേക്ഷ പ്രകാരം ഹൈസ്‌കൂളിലെത്തി പരിശീലനം നേടാം.

പരിപാടിയിൽ വട്ടവട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോഹരൻ എസ്, ജില്ലാ പഞ്ചായത്ത് അംഗം സി.രാജേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുകന്യ ശേഖർ. മൂന്നാർ ബി.ആ.ർസി ബി.പി.സി ഷാജി തോമസ്, വട്ടവട ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ജഗൻലാൽ ബാബു, സ്കൂൾ പ്രിൻസിപ്പൽ ബിന്ദു.ആർ, സ്കൂൾ അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.