തൊടുപുഴയിൽ ഖാദി ഗ്രാമസൗഭാഗ്യയുടെ നവീകരിച്ച ഷോറൂം തുറന്നു

ഖാദിയെ ദേശീയ വികാരമുള്ള ഒന്നായി കാണണമെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ. തൊടുപുഴ മാതാ ആർക്കേഡിൽ പ്രവർത്തിച്ചുവരുന്ന ഖാദി ഗ്രാമസൗഭാഗ്യയുടെ നവീകരിച്ച ഷോറൂമിൻറെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിയുടെ ഖാദി പരിപോഷണ പ്രവർത്തനങ്ങൾ സ്വാതന്ത്ര്യസമരത്തിനും അതേ പോലെ ദേശീയ ബോധം ഊട്ടിയുറപ്പിക്കുവാനും ഊർജം പകർന്നു. ഖാദി വസ്ത്രങ്ങൾ പഴയ ചിന്താഗതിയാണെന്ന സമീപനമാണ് പുതുതലമുറ പുലർത്തുന്നത്. അവ മാറേണ്ടതുണ്ട്. അതിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുമായി സഹകരിച്ച് ഖാദിയുടെ പുതിയതരം വസ്ത്രങ്ങൾ നിർമ്മിച്ച് ഓണക്കാലം മുൻനിർത്തി പൂക്കളമെന്ന പേരിൽ ഓൺലൈനിലൂടെ വസ്ത്രങ്ങൾ വാങ്ങുന്നതിനുള്ള സൗകര്യം ക്രമീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴ നഗരസഭ ചെയർമാൻ കെ.ദീപക് അധ്യക്ഷത വഹിക്കുകയും ആദ്യവിൽപ്പന നടത്തുകയും ചെയ്തു.
'ഖാദി പഴയ ഖാദിയല്ല' എന്ന സന്ദേശം ജനങ്ങളിലെത്തിച്ച് പുതുതലമുറയ്ക്ക് അഭികാമ്യമായ വസ്ത്രങ്ങളുടെ വലിയ ശേഖരമാണ് ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച ഷോറൂമിൽ ഖാദിനിർമ്മിത ഷർട്ടുകൾ, സിൽക്ക് ഷർട്ട്, സിൽക്ക് സാരികൾ, കോട്ടൺ സാരികൾ, മുണ്ടുകൾ, തോർത്തുകൾ ,കിടക്കവിരികൾ, തലയണ, മെത്ത എന്നിവ ലഭ്യമാണ്. കൂടാതെ ഗ്രാമീണഉൽപ്പന്നങ്ങളായ തേൻ, സ്റ്റാർച്ച്, എള്ളെണ്ണ, സോപ്പ്, മെർലിനോൾ, വേദനയ്ക്ക് ഉപയോഗിക്കുന്ന ബാം എന്നിവയും ലഭിക്കും. നഗരസഭ കൗൺസിലർ ജോസ് മഠത്തിൽ, ഖാദി ബോർഡ് സെക്രട്ടറി ഡോ. കെ.എ രതീഷ്, പ്രോജക്ട് ഓഫീസർ ഷീനാമോൾ ജേക്കബ്, വിവിധ രാഷ്ട്രീയസാംസ്കാരിക നേതാക്കൾ, വകുപ്പ് ഉദ്യോഗസ്ഥർ, മുൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.