മണക്കാട് സ്മാർട്ട് വില്ലേജ് ഓഫീസ് നാടിനു സമർപ്പിച്ചു

മണക്കാട് സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.രാജൻ ഓൺലൈനായി നിർവഹിച്ചു. കേരളത്തിലെ എല്ലാവർക്കും ഭൂമിയുടെ ഉടമസ്ഥത ലക്ഷ്യം വച്ചുകൊണ്ട് ആരംഭിച്ച പട്ടയ മിഷൻ സംസ്ഥാനത്ത് പട്ടയവിതരണത്തിൽ മികച്ച ഇടപെടൽ നടത്തിയെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും എം.എൽ.എമാർ അധ്യക്ഷനായി പഞ്ചായത്ത് മെമ്പർമാർ വരെയുള്ള മുഴുവൻ ജനപ്രതിനിധികളെയും വിളിച്ചു ചേർത്തു കൊണ്ട് പട്ടയ അസംബ്ലികൾ നടത്തി. അവിടെ ഓരോ പ്രദേശത്തെയും ഇനി കൊടുക്കാനുള്ള വ്യക്തിപരവും കൂട്ടായുമുള്ള പട്ടയങ്ങളുടെ എണ്ണമെടുത്ത് പട്ടയങ്ങൾ വിതരണം ചെയ്യുന്നതിനുള്ള തടസ്സം എന്തെന്ന് പരിശോധിച്ച് ജില്ലയിലോ താലൂക്കിലോ തീരാത്ത പ്രശ്‌നങ്ങൾ ആണെങ്കിൽ സംസ്ഥാനസർക്കാരിന്റെ പട്ടയം ഡാഷ് ബോർഡിൽ ഉൾപ്പെടുത്തി അവ പരിഹരിക്കുന്നതിന് ശ്രദ്ധേയമായ ഇടപെടൽ പട്ടയമിഷനിലൂടെ നടത്താൻ സാധിച്ചു. പട്ടയമിഷനിൽ ഉയർന്നുവരുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ അഞ്ചംഗങ്ങളുടെ അഞ്ചു തലത്തിലുള്ള സർക്കാർ വേദികൾ ഉണ്ടാക്കി. പട്ടയം ഡാഷ് ബോർഡിൽ വന്ന പ്രശ്‌നങ്ങൾ പൂർണ്ണമായിട്ടും അദാലത്തുകളിലൂടെ പരിഹരിച്ച് കേരളത്തിൽ നാലു വർഷക്കാലം കൊണ്ട് രണ്ടുലക്ഷത്തി ഇരുപത്തി മൂവായിരത്തോളം പട്ടയങ്ങൾ ഇതിനകം വിതരണം ചെയ്തു. 9 വർഷക്കാലം കൊണ്ട് നാലു ലക്ഷത്തിലേറെ ഭൂവുടമകളെ സംസ്ഥാനത്ത് ഉണ്ടാക്കാൻ റവന്യു വകുപ്പിനായി എന്നത് ചിട്ടയായ പ്രവർത്തനങ്ങളിലൂടെയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ റവന്യുവകുപ്പിന്റെ നേതൃത്വത്തിൽ എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന മുദ്രാവാക്യത്തോടെ കേരളത്തിൽ നടത്തിയ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപകമാകുന്ന ഒരു ഘട്ടമാണിത്. ഇന്ന് അറുനൂറോളം വില്ലേജ് ഓഫീസുകൾ സ്മാർട്ടായി മാറുന്ന അത്ഭുതകരമായ മാറ്റത്തിലേക്ക് കേരളത്തിന്റെ റവന്യൂ മേഖലയാകെ മാറുകയാണ്.
ആ കാര്യത്തിൽ ഏറ്റവും പ്രസക്തമാണ് കേരളത്തിലെ എല്ലാ സേവനങ്ങളും സ്മാർട്ട് ആക്കി കൊണ്ടിരിക്കുന്ന നടപടികൾ. 1666 വില്ലേജ് ഓഫീസുകൾ, 78 താലൂക്ക് ഓഫീസുകൾ, 27 സബ് കളക്ടറേറ്റുകൾ, 14 കളക്ടറേറ്റുകൾ, സെക്രട്ടറിയേറ്റ്, ലാൻഡ് റവന്യൂ കമ്മീഷണറേറ്റ് എന്നിങ്ങനെ സമസ്തമേഖലയിലും അടിമുടി ഡിജിറ്റൽ സംവിധാനങ്ങളിലൂടെ കോർത്തിണക്കിയ ഒരു ഭൂഭരണം കാഴ്ചവെക്കാനായി. സൗകര്യങ്ങളുടെ അപര്യാപതത മാത്രം ഉണ്ടായിരുന്ന വില്ലേജ് ഓഫീസുകൾ ഏറെ ശ്രദ്ധയോടെ 1500 സ്‌ക്വയർ ഫീറ്റ് വലിപ്പത്തിൽ വളരെ മനോഹരമായി പുനർനിർമ്മിക്കുകയാണ് വകുപ്പിന്റെ നേതൃത്വത്തിലെന്നും മന്ത്രി പറഞ്ഞു. എല്ലാ റവന്യു സംവിധാനങ്ങളും ഇത്തരത്തിൽ നമുക്ക് ലഭ്യമാക്കാൻ കഴിയും. ഇത്തരം പ്രവർത്തനങ്ങൾ പ്രകടമായി കാണേണ്ടത് അടിസ്ഥാനഘടകങ്ങളായ വില്ലേജ് ഓഫീസുകളാണെന്ന തിരിച്ചറിവുകളോടെയാണ് നമ്മുടെ വില്ലേജ് ഓഫീസുകളെ വേഗത്തിൽ ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുന്ന സ്മാർട്ട് ഓഫീസുകളായി മാറ്റുന്നത്. എല്ലാ ഭൂമിക്കും രേഖ എന്നത് മുദ്രാവാക്യം മാത്രമല്ല. ചരിത്രത്തിലാദ്യമായി അതിവേഗവും സുതാര്യവുമായിട്ടുള്ള റവന്യു നടപടികളിലേക്ക് പോകാനുള്ള ഡിജിറ്റൽ റീസർവെ ഒന്നര വർഷക്കാലം കൊണ്ട് കേരളത്തിൽ അളന്നു തീർത്തത് നാലരലക്ഷം ഹെക്ടറോളം ഭൂമിയാണെന്നും മന്ത്രി പറഞ്ഞു.
പി.ജെ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ നിർമാണത്തിന് മേൽനോട്ടം വഹിച്ച നിർമ്മിതി കേന്ദ്രം റീജ്യണൽ എൻജിനീയർ ബി.എൻ സിനിമോളെ എ.ഡി.എം ഷൈജു. പി ജേക്കബ് ആദരിച്ചു.