പേ വിഷബാധ ബോധവത്ക്കരണ ക്യാമ്പയിന് തുടക്കമായി

post

കുട്ടികളിൽ പേ വിഷബാധയ്‌ക്കെതിരെ ബോധവത്ക്കരണം ശക്തിപ്പെടുത്തുന്നതിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ക്യാമ്പയിന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം വിമലഹൃദയ സ്‌കൂളിലെ പ്രത്യേക അസംബ്ലിയിൽ ജില്ലാ ആരോഗ്യ വകുപ്പ് സർവലൻസ് ഓഫീസർ ഡോ. സിന്ധു ശ്രീധരൻ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫ്രാൻസീനി മേരി അധ്യക്ഷയായി. അധ്യാപിക ഡോ. ആനി അനിൽ പ്രതിരോധ ബോധവത്ക്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പേ വിഷബാധയ്ക്ക് കാരണമാകുന്ന പട്ടി, പൂച്ച, അണ്ണാൻ തുടങ്ങിയ മൃഗങ്ങൾ കടിച്ചാൽ മുറിവ് 20 മിനിറ്റ് സോപ്പുപയോഗിച്ചു കഴുകേണ്ടതും ആശുപത്രിയിൽ എത്തിക്കുകയും വേണം. കടിയേറ്റ ഭാഗം ഒരിക്കലും പൊതിഞ്ഞു കെട്ടരുത്. വാക്സിനോടുള്ള വിമുഖത ഒഴിവാക്കണമെന്ന് അവബോധ ക്ലാസിൽ വ്യക്തമാക്കി. ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ബോധവത്ക്കരണം നൽകി. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ ക്യാമ്പയിൻ വ്യാപിപ്പിക്കും.

വെറ്ററിനറി സർജൻ ഡോ. ചിഞ്ചു ബോസ്, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഷാലിമ ടി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് മുസ്തഫ എന്നിവർ പങ്കെടുത്തു.