ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനം ആചരിച്ചു

post

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷം ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സിന്റെ പിതാവായ പ്രശാന്തചന്ദ്ര മഹലനോബിസിന്റെ ജന്മദിനമാണ് സ്റ്റാറ്റിസ്റ്റിക്സ് ദിനമായി ആചരിക്കുന്നത്.

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ പ്രൊഫ. ഡോ. വി.പി.ജഗതിരാജ് ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസനത്തിന് ഉതകുംവിധം കൃത്യമായ വിവരശേഖണം നടത്തി വിശകലനം ചെയ്ത് പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡെപ്യൂട്ടി ഡയറക്ടർ എസ്.കിരൺ അധ്യക്ഷനായി. സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർമാരായ എം.മോനിഷ, പി.വി. എബ്രഹാം, എം.എൽ നഹാസ്, യു. ചിന്തു, എച്ച്. സബീന എന്നിവർ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ വിവിധ വിഷയങ്ങളിൽ സെമിനാർ നയിച്ചു.

ജില്ലാ സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തിൽ വെളിയം ഗ്രാമപഞ്ചായത്തിൽ മണ്ണ് സംരക്ഷണ വകുപ്പ് നടപ്പാക്കിയ 'മാലയിൽ പരുത്തിയറ' നീർത്തട സംരക്ഷണ പദ്ധതിയുടെ വിലയിരുത്തൽ പഠന റിപ്പോർട്ട് പ്രൊഫ. ഡോ. വി.പി.ജഗതിരാജും സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ഡോ. ആർ. സുഭാഷും ചേർന്ന് പ്രകാശനം ചെയ്തു. ജില്ലാ, താലൂക്ക് ഓഫീസുകളിലെ ജീവനക്കാരുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. ഓൺലൈൻ ക്വിസ് മത്സരവിജയികളായ ജീവനക്കാർക്ക് സമ്മാനദാനവും നടത്തി.

റിസർച്ച് ഓഫീസർ കെ സുരേഷ്, സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ഡോ ആർ. സുഭാഷ്, ജില്ലാ പ്ലാനിങ് ഓഫീസർ എം.ആർ ജയഗീത, ടൗൺ പ്ലാനർ ആർ.ബിജി, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ടി.ഫ്‌ളോറൻസ് തുടങ്ങിയവർ പങ്കെടുത്തു.