കല്ലാർ- പട്ടംകോളനി കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം

കല്ലാർ- പട്ടംകോളനി കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം. 1.15 കോടി രൂപ ചിലവിൽ 2850 ചതുരശ്രഅടി വിസ്തീർണത്തിലാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം. കെട്ടിടത്തിന്റെ ഉദ്ഘാടനം എം.എം മണി എംഎൽഎ നിർവഹിച്ചു. സംസ്ഥാനത്ത് പൊതുവിലും ജില്ലയിൽ പ്രത്യേകിച്ചും ആരോഗ്യ- വിദ്യാഭ്യാസ-ഗതാഗത രംഗത്ത് വലിയ പുരോഗതിയുണ്ടായെന്ന് എംഎൽഎ പറഞ്ഞു. വ്യക്തമായ കർമ്മപദ്ധതികൾ ആവ്ഷകരിച്ചും, വികസന കാഴ്ചപ്പാടുകളോടെയുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ സർക്കാർ പ്രവർത്തിക്കുന്നത്. നാടിൻ്റെ വികസനത്തിന് തനിക്ക് ചെയ്യാൻ കഴിയുന്നത് എല്ലാം ചെയ്തിട്ടുണ്ട്. നാടിന് വേണ്ടി ഇനിയും ആവുന്നതെല്ലാം ചെയ്യുമെന്നും എംഎൽഎ വ്യക്തമാക്കി. രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളുടെ ക്ഷേമത്തിനും താത്പര്യത്തിനും വേണ്ടി ജനപ്രതിനിധികൾ പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒ പി കൗണ്ടർ, പ്രീ ചെക്കപ്പ് ഏരിയ, രണ്ട് ഒ.പികൾ, ഇൻജക്ഷൻ റൂം, പ്രൊസീജ്യർ റൂം, ഒബ്സർവേഷൻ റൂം, നഴ്സസ് സ്റ്റേഷൻ, ഫാർമസി, ഒ.ആർ.എസ് കോർണർ, മെഡിക്കൽ ഓഫീസർ റൂം, ഡ്രസിംഗ് റൂം , വെയ്റ്റിംഗ് ഏരിയ എന്നിവ ഉൾപ്പെടെ ആധുനിക നിലവാരത്തോടെയാണ് കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തികരിച്ചിട്ടുള്ളത്. പഴയ കെട്ടിടം ഇനി പരിശോധനലാബിനും അനുബന്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കും. മൂന്ന് ഡോക്ടർമാരാണ് സേവനം നൽകുന്നത്. രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെയാണ് ആശുപത്രിയുടെ പ്രവർത്തന സമയം.
കല്ലാർ-പട്ടം കോളനി കുടുംബാരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച യോഗത്തിൽ പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് തെക്കേക്കുറ്റ് അധ്യഷത വഹിച്ചു. പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിതാ രാജേഷ്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ സി.വി ആനന്ദ്, ഷിനി സന്തോഷ്, എസ് മോഹനൻ, പി.റ്റി ഷിഹാബ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.സതീഷ് കെ.എം, ഡി.പി.എം ഡോ. ഖയാസ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പി.എൻ വിജയൻ, കെ.ജി ഓമനക്കുട്ടൻ, എം.എ വാഹിദ്, സിഡിഎസ് ചെയർ പേഴ്സൺ മോളമ്മ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.