രഞ്ജിതയ്ക്ക് കണ്ണീർ പ്രണാമം ആദരാഞ്ജലി അർപ്പിച്ച് മന്ത്രിമാരായ വി.എൻ വാസവനും സജി ചെറിയാനും

post

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്‌സ് രഞ്ജിത ജി നായർക്ക് കണ്ണീരോടെ ജന്മനാട് വിടനൽകി. പത്തനംതിട്ട പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളിലും വസതിയിലുമായി പൊതുദർശനത്തിന് വച്ച ഭൗതിക ശരീരത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ മന്ത്രിമാരായ വി.എൻ വാസവനും സജി ചെറിയാനും ജനപ്രതിനിധികളുമടക്കം ആയിരക്കണക്കിന് പേർ ഒഴുകിയെത്തി.

ചൊവാഴ്ച്ച രാവിലെ 7.15ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ എന്നിവർ ഏറ്റുവാങ്ങി ആദരമർപ്പിച്ചു. മുൻ മന്ത്രിമാരായ എം.എ. ബേബി, എം.വി. ഗോവിന്ദൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവരും വിമാനത്താവളത്തിൽ അന്തിമോപചാരമർപ്പിച്ചു. നോർക്കയ്ക്കു വേണ്ടി പ്രോജക്ട് മാനേജർ ആർ.എം. ഫിറോസ് ഷാ പുഷ്പചക്രം സമർപ്പിച്ചു. വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും വിമാനത്താവളത്തിൽ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.

തുടർന്നു സ്വദേശമായ തിരുവല്ല പുല്ലാടിലേക്ക് മൃതദേഹം എത്തിച്ചു. സഹോദരൻ രതീഷ് ജി നായരും അമ്മാവൻ ഉണ്ണിക്കൃഷ്ണനും ഭൗതികശരീരത്തെ അനുഗമിച്ചു. പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളിൽ രാവിലെ 10 ന് ആരംഭിച്ച പൊതുദർശനത്തിൽ നിലയ്ക്കാത്ത ജനപ്രവാഹമായിരുന്നു.


സർക്കാരിനു വേണ്ടി മന്ത്രി വി.എൻ വാസവൻ അന്ത്യോപചാരം അർപ്പിച്ചു. തുടർന്ന് വീട്ടിലെത്തി കുടുംബാംഗങ്ങളെ മന്ത്രി ആശ്വസിപ്പിച്ചു. ആന്റോ ആന്റണി എംപി, മാത്യു ടി.തോമസ് എം എൽ എ, മുൻ എംഎൽഎ രാജു എബ്രഹാം, ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ, ജില്ലാ പൊലിസ് മേധാവി വി ജി വിനോദ് കുമാർ, സബ് കലക്ടർ സുമിത് കുമാർ ഠാക്കൂർ ഉൾപ്പെടെയുളളവരും ആദരാഞ്ജലി അർപ്പിച്ചു.

ഉച്ചയ്ക്ക് ശേഷം മൃതദേഹം വീട്ടിലേത്തിച്ചു. മന്ത്രി സജി ചെറിയാൻ, എംഎൽഎമാരായ കെ.യു ജനീഷ് കുമാർ, പ്രമോദ് നാരായൺ എന്നിവർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. വൈകിട്ട് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നഴ്‌സിം​​ഗ് ഓഫീസറായിരുന്ന രഞ്ജിത അവധി എടുത്ത് വിദേശത്ത് ജോലി ചെയ്യുകയായിരുന്നു. നാട്ടിൽ നിന്നും ലണ്ടനിലേക്കു മടങ്ങവേയാണ് രഞ്ജിത സഞ്ചരിച്ചിരുന്ന വിമാനം ജൂൺ 12ന് അഹമ്മനാബാദിൽ അപകടത്തിൽപ്പെട്ടത്. അമ്മയുടെയും രണ്ട് മക്കളുടെയും ഏക ആശ്രയമായിരുന്നു രഞ്ജിത.