ഭരണഘടനാനിർമ്മാണസഭാ ചർച്ചകളുടെ മലയാള പരിഭാഷ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

post

ഭരണഘടനാനിർമ്മാണസഭാ ചർച്ചകളുടെ മലയാള പരിഭാഷയുടെ ആദ്യ വാല്യത്തിന്റെ പ്രകാശനം നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ചടങ്ങിൽ സ്പീക്കർ എ. എൻ. ഷംസീർ അധ്യക്ഷത വഹിച്ചു. രാവിലെ നിയമസഭാവളപ്പിലെ ദേശീയ നേതാക്കളുടെ പ്രതിമകളിൽ പുഷ്പാർച്ചനയോടെ ആരംഭിച്ച പരിപാടിയുടെ ഭാഗമായി നിയമസഭാ മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ നിയമസഭാങ്കണത്തിൽ സംഘടിപ്പിച്ച ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണവും ഭരണഘടനാനിർമ്മാണ പ്രവർത്തനങ്ങളും സംബന്ധിച്ച പ്രദർശനത്തിന്റെ ഉദ്ഘാടനം സ്പീക്കർ നിർവഹിച്ചു.


മുൻനിയമസഭാ സാമാജികർ, മുൻ സെക്രട്ടറിമാർ, മുൻ ജീവനക്കാർ, പത്രപ്രവർത്തകർ എന്നിവർ പങ്കെടുത്ത 'പെയ്തിറങ്ങുന്ന ഓർമ്മകൾ' എന്ന സ്‌നേഹകൂട്ടായ്മയും, ഉച്ചയ്ക്കു ശേഷം 'Constitutional Federalism-Emerging Challenges and Responses' എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു. കൂടാതെ നിയമനിർമ്മാണാത്തേയും മറ്റനുബന്ധ കാര്യങ്ങളെയും സംബന്ധിച്ച് നിയമസഭാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ വിവിധ പുസ്തകങ്ങളുടെ പ്രകാശനവും, 25 വർഷം പൂർത്തിയാക്കുന്ന സമാജികരെയും, മുൻ സാമാജികർ, മുൻ സെക്രട്ടറിമാർ, മുൻ ജീവനക്കാർ, മാധ്യമപ്രവർത്തകർ എന്നിവരിൽ നിന്നുമുള്ള മുതിർന്നവരെയും പരിഭാഷാ വിദഗ്ധസമിതി ചെയർമാൻ ഡോ. എൻ. കെ. ജയകുമാർ, ദേശീയ അന്തർദേശീയ കായിക മത്സരങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച മുൻ നിയമസഭാംഗം എം.ജെ. ജേക്കബ് തുടങ്ങിയവരെയും ആദരിച്ചു. പുസ്തകോത്സവവുമായി ബന്ധപ്പെട്ട മാധ്യമ അവാർഡ്, മെഗാഷോ വിജയികൾ, മ്യൂസിയം ദിനാഘോഷവുമായി ബന്ധപ്പെട്ട ഉപന്യാസമത്സര വിജയികൾ എന്നിവർക്കുള്ള പുരസ്‌കാരവിതരണവും നടന്നു.