ഫ്രഞ്ച് എംബസി കൗൺസിലർ ചാൾസ് മഹി നോർക്ക റൂട്ട്സ് സന്ദർശിച്ചു

post

ഉന്നതവിദ്യാഭ്യാസം, നഴ്സിംങ് റിക്രൂട്ട്മെന്റ് സാധ്യതകൾ ചർച്ച ചെയ്തു

ആരോഗ്യ സാമൂഹികകാര്യ വിഭാഗത്തിലെ ഇന്ത്യയിലെ ഫ്രഞ്ച് എംബസി കൗൺസിലർ ചാൾസ് മഹി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരിയുമായി ചർച്ച നടത്തി. ഇന്ത്യയിലെ ഫ്ര‍ഞ്ച് അംബാസിഡർ തിയെറി മതൗ മുഖ്യമന്ത്രി പിണറായി വിജയനുമായി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ തുടർനടപടികളുടെ ഭാഗമായാണ് കൂടിക്കാഴ്ച. കേരളത്തിൽ നിന്നുളള വിദ്യാർത്ഥികൾക്ക് ഫ്രാൻസിലെ ഉന്നതവിദ്യാഭ്യാസ സാധ്യതകൾ, തൊഴിൽ നൈപുണ്യ മികവുളളവർക്കും, ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്കും, നഴ്സിംങ് മേഖലയിലേയ്ക്കുമുളള തൊഴിൽ റിക്രൂട്ട്മെന്റ് സാധ്യതകൾ എന്നിവ ചർച്ച ചെയ്തു.


ഫ്രാൻസ് ആരോഗ്യമേഖലയിൽ 60,000 ത്തോളം ഒഴിവുകൾ നിലവിലുണ്ടെന്ന് കൂടിക്കാഴ്ചയിൽ ചാൾസ് മഹി വ്യക്തമാക്കി. ഫ്രാൻസിലെ തൊഴിൽദാതാക്കളുമായി നേരിട്ടോ, ജർമ്മനിയിലേയ്ക്കുളള നഴ്സിംങ് റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിൾ വിൻ മാതൃകയിലോ ഉളള റിക്രൂട്ട്മെന്റ് സാധ്യതകളും വിലയിരുത്തി. ഫ്രാൻസ് സർക്കാറിന്റെ കേരളത്തിലെ ഔദ്യോഗിക ഫ്രഞ്ച് ഭാഷാ പഠന കേന്ദ്രമായ അലൈയൻസ് ഫ്രാൻസൈസുമായുളള (Alliance Française) സഹകരണം സംബന്ധിച്ചും ചർച്ച ചെയ്തു. തൈക്കാട് നോർക്ക സെന്ററിൽ നടന്ന കൂടിക്കാഴ്ചയിൽ റിക്രൂട്ട്മെന്റ് വിഭാഗം മാനേജർ പ്രകാശ് പി ജോസഫും സംബന്ധിച്ചു.