ആധുനിക നിലവാരത്തിൽ പുനർനിർമിച്ച റോഡുകൾ ഉദ്ഘാടനം ചെയ്തു

post

കേരളത്തിന്റെ സമസ്തമേഖലയിലും വികസനം: മന്ത്രി സജി ചെറിയാൻ

സമസ്തമേഖലയിലും സ്പർശിക്കുന്ന വികസനമാണ് കേരളത്തിൽ നടക്കുന്നതെന്ന് ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ആധുനിക നിലവാരത്തിൽ പുനർനിർമിച്ച റോഡുകളുടെ ഉദ്ഘാടനം റാന്നി ബംഗ്ലാംകടവ് ഗവൺമെന്റ് ന്യൂ യുപി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

സർക്കാരിന്റെ റീ ബിൽഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മൂന്ന് റോഡുകളുടെ നിർമാണം റാന്നിയിൽ പൂർത്തിയായത്. ബംഗ്ലാംകടവ്- വലിയകുളം റോഡ്, ബംഗ്ലാംകടവ് സ്റ്റേഡിയം- വലിയകുളം റോഡ്, മടുക്കമൂട്- അയ്യപ്പാ മെഡിക്കൽ കോളേജ് റോഡുകൾക്കായി 4.54 കോടി രൂപയാണ് ചെലവഴിച്ചത്. റോഡുകൾ, പാലങ്ങൾ എന്നിവയ്‌ക്കൊപ്പം ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലയിലും അഭുതപൂർവമായ മാറ്റം വന്നു. ഉന്നത വിദ്യാഭ്യാസ രംഗമടക്കം മുന്നേറി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗവേഷണ കേന്ദ്രങ്ങളായി മാറി. വിദേശ രാജ്യങ്ങളോട് കിടപിടിക്കുന്ന രീതിയിൽ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിൽ മാറ്റം വന്നതായും മന്ത്രി വ്യക്തമാക്കി.


ഒരു നാടിന്റെ ദീർഘകാല ജനകീയ ആവശ്യമാണ് സഫലമായതെന്ന് അധ്യക്ഷത വഹിച്ച പ്രമോദ് നാരായൺ എം.എൽ.എ. പറഞ്ഞു. റീ ബിൽഡ് പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞ നാലു വർഷത്തിനിടെ മണ്ഡലത്തിൽ 15 റോഡുകൾ പൂർത്തീകരിച്ചു. നാല് റോഡുകളുടെ നിർമാണം പുരോഗമിക്കുകയാണെന്ന് എം.എൽ.എ. പറഞ്ഞു.

മുൻ എം.എൽ.എ. രാജു എബ്രഹാം, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കോമളം അനിരുദ്ധൻ, സ്‌കൂൾ പ്രിൻസിപ്പൽ നിഷ തോമസ്, ഗ്രാമപഞ്ചായത്തംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.