സര്‍ഗശക്തി കൊണ്ട് കൊറോണയെ നേരിടാന്‍ കലാരൂപങ്ങള്‍

post

ഇടുക്കി : ചിത്രകല, നൃത്തം, നാടകം, ഹ്രസ്വചിത്രം, സംഗീതം തുടങ്ങി കലാകഴിവുകള്‍ എന്തുമാകട്ടെ, അവയെല്ലാം കോവിഡ്- 19 എന്ന മഹാവ്യാധിയെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തന ഉപകരണങ്ങളാക്കി മാറ്റുകയാണ് കേരള സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി പദ്ധതിയില്‍ ഉള്‍പ്പെട്ട ഇടുക്കി ജില്ലയിലെ കലാകാരന്‍മാര്‍. വജ്രജൂബിലി പദ്ധതി നടപ്പിലുള്ള അടിമാലി, തൊടുപുഴ, കട്ടപ്പന ബ്ലോക്കുകളിലും കട്ടപ്പന മുനിസിപ്പാലിറ്റിയിലുമായി വിവിധ കലാരൂപങ്ങള്‍ അഭ്യസിപ്പിക്കുന്നതിന് പതിനെട്ട് കലാകാരന്‍മാരാണ് പ്രവര്‍ത്തിക്കുന്നത്.

രോഗ പ്രതിരോധ, മുന്‍കരുതലുകളാണ് ഇവര്‍ തങ്ങളുടെ കലകളിലൂടെ പ്രധാനമായും പൊതുസമൂഹത്തിന് നല്കുന്നത്.ശാരീരിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, കൈകള്‍ ശുചീകരിക്കുക,  അനാവശ്യ യാത്രകള്‍ ഒഴിവാക്കുക , ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക തുടങ്ങി കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് വിവിധ സന്ദേശങ്ങള്‍ നല്‍കുന്നതിനായി  ഇവര്‍ തയ്യാറാക്കിയ കൈയ്യെഴുത്തുപ്രതികള്‍ ,ചിത്രങ്ങള്‍, പോസ്റ്ററുകള്‍, നൃത്തം, നാടകം,  ഹ്രസ്വചിത്രം തുടങ്ങിയവ  സോഷ്യല്‍ മീഡിയ കാമ്പയിനിലൂടെ പ്രചരിപ്പിച്ചു വരുന്നു. 

മോഹിനിയാട്ടം കലാകാരി ആര്‍ എല്‍ വി ഷൈബി കൃഷ്ണയുടെ കൊറോണ പ്രതിരോധ നൃത്തവിഷ്‌കാരവും ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും, പഞ്ചായത്തുകളിലും റേഷന്‍ കടകളിലും കോവിഡ്- 19  പ്രതിരോധ പ്രവര്‍ത്തനത്തിന് വേണ്ടിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കൈയെഴുത്ത് പോസ്റ്ററുകള്‍ പതിച്ചു.വജ്രജൂബിലി പദ്ധതിയിലെ ചിത്രകലാ അധ്യാപകരാണ് ചിത്രം വരച്ചതും പോസ്റ്റര്‍ റെഡിയാക്കിയതും. ചിത്രകല അഭ്യസിക്കുന്ന കുട്ടികളും വീട്ടിലിരുന്ന് ചിത്രങ്ങള്‍ വരച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നുണ്ട്.

മോഹിനിയാട്ടം കലാകാരി ശാന്തികൃഷ്ണയുടെ കൊറോണ പ്രതിരോധ നൃത്താവിഷ്‌ക്കാരവും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.കട്ടപ്പന മുനിസിപ്പാലിറ്റിയിലെ നാടകകലാകാരന്മാര്‍ കോവിഡ് 19 ബോധവത്കരണവുമായി ബന്ധപ്പെട്ട് ഒരു  ഹൃസ്വചിത്രം തയ്യാറാക്കി സാമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു വരുന്നു. കോവിഡ് പ്രതിരോധത്തില്‍ തങ്ങളുടെ കലാവാസന പ്രയോജനപ്പെടുത്തുന്നതോടൊപ്പം തന്നെ ഇതര സേവന രംഗത്തും കലാകാരന്‍മാര്‍ കര്‍മ്മനിരതരാണ്. തൊടുപുഴ ബ്ലോക്കിലെ കലാകാരന്‍മാര്‍ വിവിധയിടങ്ങളില്‍ നിന്നായി ശേഖരിച്ച മാസ്‌കുകള്‍ പോലീസുകാര്‍ക്കും പൊതുജനങ്ങള്‍ക്കും വിതരണം ചെയ്യുവാനായി തൊടുപുഴ സി.ഐ സുധീര്‍ മനോഹറിനും, ബ്ലോക്ക് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ടിനും കൈമാറി.കലാ തല്പരരായവര്‍ക്ക് തങ്ങളുടെ കഴിവുകള്‍ പരിപോഷിപ്പിക്കാനും വിവിധ കലാരൂപങ്ങള്‍ അഭ്യസിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഫീസില്ലാതെ അതു പഠിക്കാനുമുള്ള അവസരമാണ് സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി പദ്ധതിയിലൂടെ നല്കുന്നത്. തിരഞ്ഞെടുത്ത മികച്ച അധ്യാപകരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. ലോക്ക് ഡൗണാണെങ്കിലും തങ്ങളുടെ ശിഷ്യര്‍ക്ക് പഠനം മുടങ്ങരുതെന്ന്  ഈ ഗുരുക്കന്‍മാര്‍ക്ക് നിര്‍ബന്ധം ഉണ്ട്. അതിനാല്‍ എല്ലാ കലാകാരന്‍മാരും ഓണ്‍ലൈന്‍ ക്ലാസുകള്‍ പഠിതാക്കള്‍ക്ക് എടുക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുവാനായി 30000 രൂപ ജില്ലയിലെ കലാധ്യാപകര്‍ പദ്ധതിയുടെ ജില്ലാ കോര്‍ഡിനേറ്ററെ ഏല്‍പ്പിച്ചു കഴിഞ്ഞു. 

കലാ കഴിവുകളെ സമൂഹത്തിനായി പ്രയോജനപ്പെടുത്തുക എന്നത് ഒരു കലാകാരന്റെ ഉത്തരവാദിത്വമാണ്. ലോക ഭീഷണിയായിരിക്കുന്ന കോവിഡ്- 19 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടെ ഈ ഉത്തരവാദിത്വം സമര്‍പ്പണബോധത്തോടെയാണ് ജില്ലയിലെ  കലാകാരന്‍മാര്‍ നിറവേറ്റുന്നതെന്ന് വജ്ര ജൂബിലി ഇടുക്കി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മോബിന്‍ മോഹന്‍ പറഞ്ഞു.