കുന്നുകര - കരുമാല്ലൂർ കുടിവെള്ള പദ്ധതി നിർമ്മാണം ആരംഭിച്ചു

മൂന്നു വർഷം കൊണ്ട് 42 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കി - മന്ത്രി റോഷി അഗസ്റ്റിൻ
കേരളത്തിൽ 17 ലക്ഷം ഗാർഹിക കുടുംബങ്ങൾക്ക് മാത്രം ലഭിച്ചിരുന്ന കുടിവെള്ളം കഴിഞ്ഞ മൂന്നു വർഷക്കാലം കൊണ്ട് വിവിധ പദ്ധതികളിലൂടെ 42 ലക്ഷം കുടുംബങ്ങളിലേക്ക് കൂടി എത്തിക്കാൻ സാധിച്ചുവെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കുന്നുകര -കരുമാല്ലൂർ കുടിവെള്ള പദ്ധതിയുടെ നിർമാണോദ്ഘടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
2017 ൽ അന്നത്തെ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന തോമസ് ഐസക്ക് ആവിഷ്ക്കരിച്ച 41 കുടിവെള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ് കുന്നുകര കരുമാല്ലൂർ കുടിവെള്ള പദ്ധതി നടപ്പിലാകുന്നത് . പദ്ധതി യാഥാർഥ്യമാകുന്നതോടെ കുന്നുകര കരുമാല്ലൂർ പഞ്ചായത്തുകൾ ദീർഘകാലമായി നേരിടുന്ന കുടിവെള്ള ക്ഷാമം പൂർണ്ണമായി പരിഹരിക്കാൻ കഴിയും. എ ഡി ബി യുമായി ചേർന്ന് വിവിധ പദ്ധതികൾ ആവിഷ്കരിച്ച് കുടിവെള്ള വിതരണം കൂടുതൽ കാര്യക്ഷമമക്കാൻ സർക്കാർ കരാറിൽ ഒപ്പുവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുന്നുകര - കരുമാല്ലൂർ പഞ്ചായത്തുകളിലെ ശുദ്ധജലവിതരണത്തിനായി 51.30 കോടിയാണ് സർക്കാർ കിഫ്ബി മുഖേനെ അനുവദിച്ചത്. ടെൻഡർ പൂർത്തിയാക്കി 48.52 കോടി രൂപയുടെ ഭരണാനുമതിയും പദ്ധതിക്ക് നൽകിയിട്ടുണ്ട്. കുടിവെള്ള പദ്ധതിയുടെ ശേഷി 20 എം എൽ ഡി യാണ്.
20 എം എൽ ഡി വാട്ടർ ട്രീറ്റ്മെൻറ് പ്ലാന്റ്, മലായിക്കുന്ന് ഓവർഹെഡ് ടാങ്ക് എന്നിവയുടെ നിർമാണം, പമ്പ് സെറ്റുകൾ സ്ഥാപിക്കൽ , യു സി കോളേജിൽ നിലവിലുള്ള ഓവർഹെഡ് സ്റ്റോറേജ് ടാങ്കിലേക്കും , മാഞ്ഞാലിയിലെ നിർദ്ദിഷ്ട ഓവർഹെഡ് ടാങ്കിലേക്കും 250 എംഎം ഡിഐകെ9 ക്ലിയർ വാട്ടർ പമ്പിംഗ് മെയിനിന്റെ വിതരണം, ലെയിംഗ് ചാർജിംഗ്, കമ്മിഷൻ ചെയ്യൽ, മാഞ്ഞാലിയിൽ 10.50 LL ശേഷിയുള്ള ഓവർഹെഡ് ടാങ്കിന്റെ നിർമാണം , കിണർ , പമ്പ് ഹൗസ് നിർമ്മാണം,തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ഘടകങ്ങൾ.
കുന്നുകര അഹാന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ചു. വാട്ടർ അതോറിറ്റി മൂവാറ്റുപുഴ സൂപ്രണ്ട് എൻജിനീയർ വി കെ ജയശ്രീ പ്രോജക്ട് റിപ്പോർട്ട് അവതരിപ്പിച്ചു.
ചടങ്ങിൽ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി പ്രദീഷ്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രഡിഡന്റ് സബിത നാസർ , കുന്നുകര ഗ്രാമപഞ്ചായത്തംഗം പി ജി ഉണ്ണികൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ വി രവീന്ദ്രൻ , ഷൈനി ജോർജ്ജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി കെ കാസിം, സി എം വർഗ്ഗീസ്, വി പി അനിൽകുമാർ, സ്മിത ഹസീബ്, ഷഹന ഹസീബ്, ജയശ്രീ ഗോപാലകൃഷ്ണൻ, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ ജോസ് മാസ്റ്റർ, വി എസ് വേണു, ആനന്ദൻ മാസ്റ്റർ, പി ജെ ജോൺസൺ, സി എ വിക്ടർ, സക്കീർ, ജയ രാധാകൃഷ്ണൻ,എം കെ ജയചന്ദ്രൻ, രാഷ്ട്രീയ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.