കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ഇക്കൊല്ലം 2.40 കോടി രൂപയുടെ വികസന പദ്ധതികൾ

post

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ഇക്കൊല്ലം നടപ്പാക്കുക 2.40 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ. ചടയമംഗലം ബ്ലോക്ക് പഞ്ചായത്താണ് തുക അനുവദിച്ചത്. 2024-25 സാമ്പത്തിക വർഷം ആതുരസേവന രംഗത്തെ മികച്ച പ്രകടനത്തിന് ആശുപത്രിക്ക് എൻ.ക്യു.എ.എസ് സർട്ടിഫിക്കേഷൻ ലഭിച്ച പശ്ചാത്തലത്തിലാണ് കൂടുതൽ സൗകര്യങ്ങൾക്കായി പണം നൽകുന്നതെന്ന് പ്രസിഡന്റ് ലതിക വിദ്യാധരൻ പറഞ്ഞു.

ആശുപത്രിയിൽ പ്രതിദിനം 1500ലധികം രോഗികൾ ഒ.പി വിഭാഗത്തിലെത്താറുണ്ട്; 70 ഓളമാണ് ഐ.പി വിഭാഗത്തിലേക്കെത്തുന്നത്. സൗജന്യമാണ് ഹീമോ ഡയാലിസിസ് സേവനം. 2019ൽ ആരംഭിച്ച യൂണിറ്റിൽ 11 ഡയാലിസിസ് കിടക്കകളും 13 ഹീമോ ഡയാലിസിസ് മെഷീനുകളുമാണുള്ളത്. ഇതുവരെ 300 ഓളം പേർക്കാണ് പ്രയോജനകരമായത്. കഴിഞ്ഞ 5 വർഷത്തിനിടെ 2.25 കോടി രൂപ ബ്ലോക്ക് പഞ്ചായത്ത് ഡയാലിസിസ് യൂണിറ്റ് പ്രവർത്തനങ്ങൾക്കായി അനുവദിച്ചു.

പുതുതായി പ്രവർത്തനമാരംഭിച്ച എക്‌സ് റേ യൂണിറ്റും കുറഞ്ഞ നിരക്കാണ് ഈടാക്കുന്നത്. 31.24 ലക്ഷം ലക്ഷം ചെലവിൽ അനുബന്ധ ഉപകരണങ്ങളായ പ്രിന്റർ, എക്‌സ് റേ ഫിലിം കൂടി വാങ്ങിയതോടെ സ്വകാര്യമേഖലയെ ആശ്രയിക്കേണ്ട സാഹചര്യം ഒഴിവായി.

രോഗികൾക്ക് കുറഞ്ഞ നിരക്കിൽ ഡയബറ്റിക് ടെസ്റ്റ്, കിഡ്‌നി-ലിവർ ഫംഗ്ഷൻ, കൊളസ്ട്രോൾ ടെസ്റ്റുകൾ നടത്തുന്ന ഓട്ടോമേറ്റഡ് മെഷീനും ഇവിടെയുണ്ട്. 13.21 ലക്ഷം രൂപ വരുന്ന മെഷീനിലൂടെ ഒരേസമയം 50 രോഗികളുടെ പരിശോധനാഫലം 20 മിനിറ്റിനകം നൽകുന്നുണ്ട്.

കാഷ്വാലിറ്റി, ലബോറട്ടറി യൂണിറ്റുകളുടെ സ്ഥലപരിമിതി പരിഹരിക്കുവാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു. സാന്ത്വന പരിചരണം ആവശ്യമായി വരുന്ന രോഗികൾക്ക് ഒൻപത് കിടക്കകൾ സഹിതമുള്ള പാലിയേറ്റിവ് കെയർ വാർഡ് പ്രവർത്തിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷങ്ങളിലായി പാലിയേറ്റിവ് കെയർ പ്രവർത്തനങ്ങൾക്കായി ബ്ലോക്ക് പഞ്ചായത്ത് 37,43,700 രൂപ വിനിയോഗിച്ചു.

ലക്ഷ്യ പദ്ധതിപ്രകാരം മെറ്റേണിറ്റി ഓപ്പറേഷൻ തീയറ്റർ, പോസ്റ്റ് നേറ്റൽ വാർഡ്, പോസ്റ്റ് സർജിക്കൽ വാർഡ്, നഴ്‌സിങ് മുറി, ലേബർ, സെപ്റ്റിക്ക് ലേബർ, പ്രി അനസ്‌തേഷ്യ മുറികൾ എന്നിവയും സജ്ജമാക്കി. ഓപ്പറേഷൻ തീയറ്റർ, ലേബർ മുറികൾക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനും തുക അനുവദിച്ചിട്ടുണ്ട്. 40 ലക്ഷം രൂപ ചെലവിൽ ലിഫ്റ്റ് സ്ഥാപിച്ചത് വഴി മെറ്റേണിറ്റി ബ്ലോക്കിലേക്ക് ഉൾപ്പെടെ രോഗികൾക്ക് സുഗമമായി എത്തിച്ചേരാനാകുന്നുമുണ്ട്.