സ്കൂളുകളിൽ ആർത്തവ ശുചിത്വ സൗകര്യങ്ങൾ ഒരുക്കി മുഖത്തല ബ്ലോക്ക് പഞ്ചായത്ത്

post

വിദ്യാര്‍ഥികള്‍ക്കായി ശുചിത്വപാലനത്തിന്റെ കാലികസംവിധാനങ്ങള്‍ സജ്ജമാക്കി കൊല്ലം മുഖത്തല ബ്ലോക്ക് പഞ്ചായത്ത്. സാനിറ്ററി നാപ്കിന്‍ വെന്‍ഡിംഗ് മെഷീനും സംസ്‌കരണത്തിനായി ഇന്‍സിനറേറ്ററുകളും സ്ഥാപിച്ചാണ് മാതൃകാപദ്ധതി ഇവിടെ യാഥാര്‍ഥ്യമാക്കിയത്.  

ശുചിത്വമിഷന്റെസഹകരണത്തോടെ ബ്ലോക്ക്പരിധിയിലെ 13 സ്‌കൂളുകളില്‍ സാനിറ്ററി നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ പ്രവര്‍ത്തിക്കുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20.76 ലക്ഷം രൂപ ചെലവഴിച്ചാണ് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്.  

വിവിധ സ്‌കൂളുകളിലെ ടോയ്‌ലറ്റ് ബ്ലോക്കുകളിലും സ്റ്റാഫ് റൂമുകളിലുമായി സ്ഥാപിച്ച മെഷീനില്‍ അഞ്ച് രൂപ നാണയം നിക്ഷേപിച്ചാല്‍ കടകളില്‍ പോകാതെതന്നെ അവശ്യഘട്ടങ്ങളില്‍ സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാകും.  

തൃക്കോവില്‍വട്ടം, മയ്യനാട്, ഇളമ്പള്ളൂര്‍, നെടുമ്പന, കൊറ്റങ്കര പഞ്ചായത്തുകളിലെ സ്‌കൂളുകളിലാണ് സാനിറ്ററി വെന്‍ഡിംഗ് മെഷീനുകളുള്ളത്.  ജി.എച്ച്.എസ്.എസ് പള്ളിമണ്‍, ജി.യു.പി.എസ് പഴങ്ങാലം വെസ്റ്റ്, ജി.യു.പി.എസ് നല്ലില, കെ.ജി.വി സര്‍ക്കാര്‍ യു.പി.എസ് കുണ്ടറ, ജി.എച്ച്.എസ് വെള്ളമണല്‍, എച്ച്.എസ്.എസ് മയ്യനാട് എന്നീ സര്‍ക്കാര്‍ സ്‌കൂളുകളിലും എം.കെ.എല്‍.എം.എച്ച്.എസ്.എസ് കണ്ണനല്ലൂര്‍, എം.ജി.ടി.എച്ച്.എസ് മുഖത്തല, എസ്.എന്‍.എസ്.എം.എച്ച്.എസ്.എസ് ഇളമ്പള്ളൂര്‍ എന്നീ എയ്ഡഡ് സ്‌കൂളിലുമാണ് മെഷീനുകള്‍.  

വേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറന്ന രണ്ടാഴ്ചയ്ക്കുള്ളില്‍ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ നാപ്കിനുകള്‍ ഉപയോഗപ്രദമായി. പിന്നാലെ രണ്ടാംഘട്ട നാപ്കിനുകള്‍ നിറച്ചിട്ടുമുണ്ട്. റെയ്ഡ്‌കോയ്ക്കാണ് മെഷീനുകളുടെ പരിപാലനം ഉള്‍പ്പെടെ നടത്തുന്നതിന് കരാര്‍ നല്‍കിയിരിക്കുന്നത്.

സാനിറ്ററി നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിച്ച നാല് സ്‌കൂളുകളില്‍ ഇവ സംസ്‌കരിക്കുന്നതിനുള്ള ഇന്‍സിനേറ്ററുകളും സജ്ജമാക്കി. മറ്റ് സ്‌കൂളുകളിലേക്കും സൗകര്യം വ്യാപിപ്പിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നു. ആയിരത്തിലേറെ പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ തിരഞ്ഞെടുത്ത് നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ സ്ഥാപിച്ചത് പ്രയോജനകരമായെന്ന് അധ്യാപകരും വിദ്യാര്‍ഥിനികളും സാക്ഷ്യപ്പെടുത്തിയെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. യശോദ പറഞ്ഞു.

സ്‌കൂളുകളിലെ ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിച്ച് മാലിന്യസംസ്‌കരണം നടത്താന്‍ മിനി എം.സി.എഫ് സൗകര്യം ഒരുക്കി കൊടുക്കുന്ന ‘കളക്ടേഴ്സ് അറ്റ് സ്‌കൂള്‍' പദ്ധതിയും അനുബന്ധമായുണ്ട്. സ്‌കൂള്‍ പരിസരത്ത് തുമ്പൂര്‍മുഴി മാലിന്യസംസ്‌കരണ സംവിധാനവും ഏര്‍പ്പെടുത്തുന്നുണ്ട്. ഒന്നരക്കോടി രൂപ ചെലവഴിച്ച് നെടുമ്പന പഞ്ചായത്തിലെ 19-ാം വാര്‍ഡില്‍ ഡബിള്‍ ചേംബര്‍ ഇന്‍സിനേറ്റര്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.