തളരാത്ത പോരാട്ടവീര്യം; 20 വർഷം നീണ്ട ചെറ്റച്ചൽ ആദിവാസി സമരത്തിന് ഫലപ്രാപ്തി

വിതുര ചെറ്റച്ചലിൽ ആദിവാസി കുടുംബങ്ങൾക്ക് വീടുകൾ ഉയരുമ്പോൾ രണ്ട് പതിറ്റാണ്ട് നീണ്ട ആദിവാസി ക്ഷേമ സമിതിയുടെ സമരവീര്യത്തിനാണ് വെന്നിക്കൊടി പാറുന്നത്. സമരം ചെയ്ത് നേടിയ ഭൂമിയിൽ തന്നെ ഭൂരഹിതരായ 18 ആദിവാസി കുടുംബങ്ങൾക്ക് വീട് ഒരുങ്ങുന്നു എന്നതും ശ്രദ്ധേയമാണ്. തിരുവനന്തപുരം ജില്ലയിലെ ഏക ആദിവാസി ഭൂസമര കേന്ദ്രമാണ് ചെറ്റച്ചൽ.
നെടുമങ്ങാട് താലൂക്കില്‍ തെന്നൂര്‍ വില്ലേജില്‍ മൃഗസംരക്ഷണ വകുപ്പിന്റെ അധീനതയിലുള്ള ചെറ്റച്ചല്‍ ജഴ്‌സി ഫാം കോമ്പൗണ്ടില ഭൂമിയില്‍ 2003 ഏപ്രില്‍ മാസത്തിലാണ് ഭൂമി പതിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് 86 ആദിവാസി കുടുംബങ്ങള്‍ സമരം തുടങ്ങിയത്. കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള നൂറോളം പേർ സമരത്തിൽ പങ്കാളികളായി. ഭൂസമരം നീണ്ടുപോയപ്പോൾ നിരവധി കുടുംബങ്ങൾ ഒഴിഞ്ഞുപോയി. ചിലർ മരിച്ചു.
പ്രസ്തുത ഭൂമിയ്ക്ക് റവന്യൂ വകുപ്പും വനം വകുപ്പും അവകാശവാദം ഉന്നയിച്ചു. തുടര്‍ന്ന് വനഭൂമിയാണെന്ന് തിട്ടപ്പെടുത്തി വനാവകാശ നിയമപ്രകാരം ഭൂമി വിതരണം ചെയ്യുന്നതിനുള്ള നടപടി ആരംഭിച്ചു. തുടക്കത്തില്‍ 86 കുടുംബങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് 34 കുടുംബങ്ങളാണ് സ്ഥിരതാമസം ആരംഭിച്ചത്.
വനാവകാശ നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഭൂമിയില്‍ കുടില്‍കെട്ടി താമസിക്കുന്ന 33 പേര്‍ക്ക്, ഓരോരുത്തര്‍ക്കും 20 സെന്റ് മുതല്‍ 50 സെന്റ് വരെയുള്ള ഭൂമിക്ക്, 2022 ആഗസ്റ്റ് 25ന് കൈവശാവകാശ രേഖ വിതരണം ചെയ്തു. ആകെ ഏഴ് ഏക്കര്‍ നാല് സെന്റാണ് വിതരണം ചെയ്തത്. വൈദ്യുതി, കുടിവെള്ളം എന്നിവ ഇവിടെയുണ്ട്.
തദ്ദേശീയ ജനതയുടെ സഹകരണ നിർമാണ പ്രസ്ഥാനമായ കുളത്തൂപ്പുഴ ഗോത്രജീവിക സംഘമാണ് വീട് നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. 6 ലക്ഷം രൂപ ഓരോ വീടിനും ചെലവിടും. പ്രത്യേക അനുമതി നേടിയാണ് ഭവനരഹിതരായ കുടുംബങ്ങൾക്ക് വീടുകൾ നിർമിക്കുന്നത്. ആകെ ഒരു കോടി 8 ലക്ഷം രൂപയാണ് വീട് നിർമ്മാണത്തിനായി ചെലവിടുന്നത്.
ഒരു തുണ്ട് ഭൂമിക്കും കെട്ടുറപ്പുള്ള വീടിനും വേണ്ടിയുള്ള ആദിവാസി ജനതയുടെ വർഷങ്ങളായുള്ള കാത്തിരിപ്പ് സർക്കാർ കരുതലിൽ യാഥാർത്ഥ്യമാവുകയാണ്.