ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാൻ വായന ശീലമാക്കണം; വായനദിനാചരണം ഉദ്ഘാടനം ചെയ്തു

ഇടുക്കി ജില്ലാതല വായനപക്ഷാ ചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീരണാകുന്നേൽ ഉദ്ഘാടനം ചെയ്തു. ദിശാബോധവും അറിവുമുള്ള സമൂഹത്തെ വളർത്തിയെടുക്കാൻ സർക്കാർ ഒപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അറിവ് പകരുന്ന നല്ല പുസ്തകങ്ങൾ വായിച്ച് നല്ല പൗരന്മാരായി തീരണം. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്ന അധ്യാപകരെപ്പോലെ പുസ്തകങ്ങളും നമ്മുടെ ഗുരുക്കൻമാരാണ്. വിദ്യാഭ്യാസ കാലത്തുതന്നെ വായന ഒരു ശീലമാക്കി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ഭരണകൂടം, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, പി.എൻ. പണിക്കർ ഫൗണ്ടേഷൻ, സാക്ഷരത മിഷൻ ജില്ലാ ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്. പി.എൻ. പണിക്കർ ഫൗണ്ടേഷൻ പ്രസിഡന്റ് ജോയ് കാട്ടുവള്ളി വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വായനാദിനത്തോടനുബന്ധിച്ച് നടത്തിയ ലഹരി ബോധവൽ ക്കരണ ക്ലാസ് ഫാദർ ഡോ. മനോജ് നയിച്ചു.
കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കാൻ അധ്യാപകർക്ക് കഴിയുമെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി കളക്ടർ അതുൽ സ്വാമിനാഥൻ പറഞ്ഞു. സ്‌കൂൾ പഠനകാലത്തെ തന്റെ വായനാനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു.
വായനാദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച സാഹിത്യ ക്വിസ് മത്സരത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഹൈസ്‌കൂൾ വിഭാഗത്തിൽ അർച്ചന. എസ്, അശ്വിൻ രമേശ്, സജിത. എം എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. ഹയർസെക്കന്ററിവിഭാഗത്തിൽ വിഷ്ണു ബിജു, അപർണ ജി, സാന്ദ്ര സജി എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി.
പൈനാവ് എം.ആർ.എസ് സ്‌കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ വിനോദ്, സാക്ഷരത മിഷൻ ജില്ലാ കോ ഓഡിനേറ്റർ പി. എം അബ്ദുൾ കരീം, ഐ. ടി. ഡി. പി പ്രൊജക്റ്റ് ഓഫീസർ ജി. അനിൽകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ് അസിസ്റ്റന്റ് എഡിറ്റർ എം.എൻ സുനിൽ കുമാർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ അരുൺ എം, ജി.എസ്, ഇ.എം.ആർ എസ് സ്‌കൂൾ പ്രധാന അധ്യാപിക ജെ. രാധ,വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.