പിആര്‍ഡി യില്‍ ഫോട്ടോഗ്രാഫര്‍ പാനലിലേക്ക് അപേക്ഷിക്കാം
                                                ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിന് ഫോട്ടോഗ്രാഫര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പത്തനംതിട്ട ജില്ലയില്‍ സ്ഥിര താമസക്കാരായിരിക്കണം. വൈഫൈ സംവിധാനമുള്ള കാമറകള്‍ കൈവശമുള്ളവര്‍ക്കും ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പില്‍ കരാര്‍ ഫോട്ടാഗ്രാഫര്‍മാരായി സേവനമനുഷ്ഠിച്ചവര്‍ക്കും പത്രസ്ഥാപനങ്ങളില്‍ ഫോട്ടോഗ്രാഫര്‍മാരായി സേവനമനുഷ്ഠിച്ചവര്‍ക്കും മുന്‍ഗണന. അപേക്ഷകര്‍ ക്രിമിനല്‍ കേസുകളില്‍പ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരാകരുത്. അയോഗ്യതയില്ലെന്നു തെളിയിക്കുന്ന രേഖ പൊലീസ് സ്റ്റേഷനില്‍ നിന്നു ലഭ്യമാക്കി അഭിമുഖസമയത്ത് ഹാജരാക്കണം.
ഡിജിറ്റല്‍ എസ്എല്‍ആര്‍/മിറര്‍ലെസ് കാമറകള്‍ ഉപയോഗിച്ച് ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍ എടുക്കാനാകണം. അസല്‍ രേഖകളുടെയും ഉപകരണങ്ങളുടെയും പരിശോധന, പ്രായോഗികപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. പരിശോധനയ്ക്കും അഭിമുഖത്തിനും പ്രായോഗികപരീക്ഷയ്ക്കും എത്തുന്നവര്‍ കാമറയും അനുബന്ധ ഉപകരണങ്ങളും അസല്‍ രേഖകളും അഭിമുഖസമയത്ത് ഹാജരാക്കണം.
ഒരു ദിവസം ഫോട്ടോ കവറേജ് നടത്തുന്ന ആദ്യപരിപാടിക്ക് 700 രൂപയും തുടര്‍ന്ന് എടുക്കുന്ന രണ്ടു പരിപാടികള്‍ക്ക് 500 രൂപ വീതവും പ്രതിഫലം നല്‍കും. ഫോട്ടോ കവറേജിനായി ഒരാള്‍ക്ക് ഒരു ദിവസം പരമാവധി 1,700 രൂപയാണ് പ്രതിഫലമായി നല്‍കുക.
അപേക്ഷകരുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ രേഖപ്പെടുത്തിയ ബയോഡാറ്റയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സ്വന്തമായുള്ള കാമറയുടെ വിവരങ്ങളും സഹിതം 2025 ജൂണ്‍ 23 ഉച്ചകഴിഞ്ഞ് മൂന്നിനകം പത്തനംതിട്ട കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കണം. ഫോട്ടോ പതിച്ച ഏതെങ്കിലും ആധികാരികരേഖയുടെ (എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ്/ആധാര്‍/തിരഞ്ഞെടുപ്പ് ഐഡന്റിറ്റി കാര്‍ഡ്/പാന്‍ കാര്‍ഡ്/ഡ്രൈവിങ് ലൈസന്‍സ്/ പാസ്പോര്‍ട്ട്) പകര്‍പ്പ്, മുന്‍പ് എടുത്തതോ പ്രസിദ്ധീകരിച്ചതോ ആയ മൂന്ന് ഫോട്ടോകളുടെ പ്രിന്റ് / പ്രസിദ്ധീകരിച്ച പത്രഭാഗത്തിന്റെ ഫോട്ടോകോപ്പി എന്നിവ അപേക്ഷയോടൊപ്പം ഉള്‍പെടുത്തണം. എല്ലാ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തണം. വിലാസം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കളക്ടറേറ്റ്, താഴത്തെ നില, പത്തനംതിട്ട- 689645. ഫോണ്‍: 0468 2222657.










