മുതിർന്ന പൗരന്മാരോടുള്ള അതിക്രമം : ബോധവൽകരണ പരിപാടി നടന്നു

post

മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെ കുമ്പനാട് ധർമതഗിരി മന്ദിരത്തിൽ ബോധവൽകരണ പരിപാടി നടന്നു. സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ജിജി മാത്യു അധ്യക്ഷനായി. ജില്ല സാമൂഹികനീതി ഓഫീസർ ജെ ഷംല ബീഗം, കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത, ജില്ല പഞ്ചായത്ത് അംഗം സി കെ ലതാകുമാരി, പ്രൊബേഷൻ ഓഫീസർ സിജു ബെൻ, റവ. കെ എസ് മാത്യൂസ് , വയോജന കമ്മിറ്റി അംഗങ്ങളായ ബി ഹരികുമാർ, രമേശ്വരി അമ്മ, വി ആർ ബാലകൃഷ്ണൻ, അഡ്വ പി ഇ ലാലച്ചൻ, വയോമിത്രം കോർഡിനേറ്റർ എ എൽ പ്രീത, ഓൾഡ്ഏജ് ഹോം സൂപ്രണ്ട് ഒ എസ് മീന എന്നിവർ പങ്കെടുത്തു.

എൻഎസ്എസ് ജില്ല കോ-ഓർഡിനേറ്റർ രാജശ്രീ വയോജന സംരക്ഷണ പ്രതിജ്ഞ ചൊല്ലി. 'മുതിർന്ന പൗരന്മാരുടെ മാനസികാരോഗ്യത്തിൽ കുടുംബത്തിനുള്ള പങ്ക്'' വിഷയത്തിലും ''മുതിർന്ന പൗരന്മാരും നിയമസംരക്ഷണവും ' വിഷയത്തിലും ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പി റ്റി സന്ദീഷ് , അഡ്വ. പ്രകാശ് പി തോമസ് എന്നിവർ ബോധവൽകരണ ക്ലാസുകൾ നയിച്ചു. ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ സെൽഫി , ഷോർട്ട് വീഡിയോ മത്സരത്തിലെ വിജയികൾക്ക് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം ക്യാഷ് അവാർഡ് വിതരണം ചെയ്തു. വയോജനങ്ങൾക്കുളള സൗജന്യ ഗ്ലൂക്കോ മീറ്റർ വിതരണവും നടന്നു.