ലോക ഫുഡ് സേഫ്റ്റി ദിനാചരണം; ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു

post

ലോക ഫുഡ് സേഫ്റ്റി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പ് ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ദേവഗിരി സെന്റ് ജോസഫ്സ് കോളേജിൽ സംഘടിപ്പിച്ച സെമിനാർ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു. കുട്ടികളിലും മുതിർന്നവരിലും വർധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളുടെ പ്രധാനകാരണം മാറിയ ഭക്ഷണക്രമവും ഫാസ്റ്റ് ഫുഡുകളുടെയും പാക്കറ്റ് ഫുഡുകളുടെയും കോളകളുടെയും അമിത ഉപയോഗമാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു. പ്രകൃതിയോട് ഇണങ്ങിയ ജീവിത രീതികളുടെയും പ്രകൃതിവിഭവങ്ങൾ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെയും ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജില്ലാ ഫുഡ് സേഫ്റ്റി അസി. കമീഷണർ എ സക്കീർ ഹുസൈൻ, സാവിത്രി സാബു മെമ്മോറിയൽ വുമൻസ് കോളേജ് ഹോം സയൻസ് വിഭാഗം മേധാവി വി മേഘ എന്നിവർ ക്ലാസെടുത്തു. കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ബിജു ജോസഫ്, വൈസ് പ്രിൻസിപ്പൽ ഡോ. പി ജെ വിനീഷ്, ജില്ലാ ഫുഡ് സേഫ്റ്റി നോഡൽ ഓഫീസർ ജി എസ് അർജുൻ, ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. ജിതിൻ രാജ് തുടങ്ങിയവർ സംസാരിച്ചു. ഭക്ഷ്യ സുരക്ഷ ബോധവത്കരണ പോസ്റ്റർ പ്രദർശനവും ഉണ്ടായി.