പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ വായനാശീലം വളര്‍ത്താന്‍ 'അക്ഷരോന്നതി' പദ്ധതിക്ക് തുടക്കം

post

പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനുള്ള 'അക്ഷരോന്നതി' പദ്ധതിക്ക് കോഴിക്കോട് ജില്ലയില്‍ തുടക്കം. പദ്ധതിയുടെ ലോഗോ പ്രകാശനം ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് നിര്‍വഹിച്ചു. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ജില്ലയിലെ വിവിധ ഉന്നതികളിലെ പട്ടികവര്‍ഗ വിഭാഗക്കാരില്‍ വായന പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെ സഹകരണത്തോടെ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പട്ടികവര്‍ഗ ഉന്നതികളിലെ സാമൂഹ്യ പഠനമുറികളിലേക്ക് ജനകീയ പങ്കാളിത്തത്തോടെയുള്ള പുസ്തക ശേഖരണത്തിനും തുടക്കമായി. പദ്ധതിയിലേക്കുള്ള ആദ്യ പുസ്തകം ജില്ലാ കലക്ടര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബൈജു ജോസിന് കൈമാറി.

ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ ഇന്‍-ചാര്‍ജ് നിസാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് അസി. ഡയറക്ടര്‍ കെ സരുണ്‍, ഇന്‍േറണല്‍ വിജിലന്‍സ് ഓഫീസര്‍ ടി ഷാഹുല്‍ ഹമീദ്, ജില്ലാ എംപവര്‍മെന്റ് ഓഫീസര്‍ കെ രജിത, ആര്‍ജിഎസ്എ ജില്ലാ പ്രോജക്റ്റ് മാനേജര്‍ എം എസ് വിഷ്ണു, കെ കെ സാവിത്രി, പി സി മുജീബ്, പദ്മകുമാര്‍, ആര്‍ജിഎസ്എ ബ്ലോക്ക് കോഓഡിനേറ്റര്‍മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. 

ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, തദ്ദേശ സ്വയംഭരണ വകുപ്പ്, സിവില്‍ സ്റ്റേഷന്‍ പി ഒ, കോഴിക്കോട് -673 020 വിലാസത്തില്‍ വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കും പുസ്തകം സംഭാവന ചെയ്യാം.