കോന്നിയില്‍ പലവ്യഞ്ജന കിറ്റ് വിതരണം തുടങ്ങി

post

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാര്‍ സിവില്‍ സപ്ലൈയ്‌സ് വകുപ്പ് മുഖേന എല്ലാ കുടുംബങ്ങള്‍ക്കും നല്‍കുന്ന പലവ്യഞ്ജന കിറ്റിന്റെ കോന്നി നിയോജക മണ്ഡലംതല വിതരണോദ്ഘാടനം കെ.യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. വകയാര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള പൊതുവിതരണ ഡിപ്പോ എ.ആര്‍.ഡി 64 ല്‍ നടന്ന ചടങ്ങില്‍ വകയാര്‍ കൈതക്കര ഗിരിവര്‍ഗ കോളനിയിലെ മുരുപ്പേല്‍ ചരുവില്‍ വീട്ടില്‍ തങ്കപ്പന് ആദ്യ കിറ്റ് കൈമാറി എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.

     ഒരു കിറ്റില്‍ സണ്‍ ഫ്‌ളവര്‍ ഓയില്‍, ഉപ്പ്, റവ, ചെറുപയര്‍, കടല, ഉഴുന്ന്, പഞ്ചസാര എന്നിവ ഓരോ കിലോ വീതവും, രണ്ടു കിലോ ആട്ട, കാല്‍ കിലോ സാമ്പാര്‍ പരിപ്പ്, കടുക്, ഉലുവ, മല്ലിപ്പൊടി, മഞ്ഞള്‍ പൊടി, മുളക് എന്നിവ 100 ഗ്രാം വീതം, തേയില 250 ഗ്രാം, സോപ്പ് - രണ്ട്, വെളിച്ചെണ്ണ അര കിലോഗ്രാം എന്നിങ്ങനെ 17 സാധനങ്ങളാണ് കിറ്റിലുള്ളത്.കോന്നി നിയോജക മണ്ഡലത്തില്‍ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് 5428 കിറ്റും, പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് 20248 കിറ്റും, നീല കാര്‍ഡ് ഉടമകള്‍ക്ക്  15613 കിറ്റും, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് 18013 കിറ്റും വിതരണം ചെയ്യും. 59302 കിറ്റാണ് ആകെ വിതരണം ചെയ്യുന്നത്.സൗജന്യ അരി വിതരണം 90 ശതമാനവും പൂര്‍ത്തിയായി. തുടര്‍ന്നാണ് പലവ്യഞ്ജന കിറ്റ് വിതരണം ആരംഭിച്ചത്.

       മൈലപ്ര ഡിപ്പോ, പൂങ്കാവ് ഇന്‍ഡോര്‍ സ്റ്റേഡിയം എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് കിറ്റ് തയാറാക്കുന്നത്. തുടര്‍ന്ന് കാര്‍ഡുടമകളുടെ എണ്ണം അനുസരിച്ച് റേഷന്‍ കടകളില്‍ കിറ്റ് എത്തിച്ചു നല്‍കും. ചിറ്റാര്‍, സീതത്തോട് പഞ്ചായത്തുകളുടെ കിറ്റ് റാന്നിയിലും, കലഞ്ഞൂര്‍, ഏനാദിമംഗലം പഞ്ചായത്തുകളുടെ കിറ്റ് പറക്കോടുമാണ് തയാറാക്കുന്നത്.   സൗജന്യ അരിവിതരണത്തിലും, കിറ്റ് തയാറാക്കി വിതരണം ചെയ്യുന്നതിലും വലിയ കാര്യക്ഷമതയാണ് സിവില്‍ സപ്ലെയ്‌സ് വകുപ്പ് കാട്ടിയത്. ഈ മാസം അവസാനത്തോടെ സൗജന്യ അരി വിതരണവും പലവ്യഞ്ജന കിറ്റ് വിതരണവും പൂര്‍ത്തിയാക്കുമെന്ന് എംഎല്‍എ പറഞ്ഞു.