മല്‍സ്യതൊഴിലാളികള്‍ക്കായി 'മച്ചിലി' മൊബൈല്‍ ആപ്ലിക്കേഷന്‍

post

കൊച്ചി: മല്‍സ്യ തൊഴിലാളികള്‍ക്കായി റിലയന്‍സ് ഫൗണ്ടേഷന്‍ ഭാരതസര്‍ക്കാര്‍ സ്ഥാപനമായ ഇന്‍ കോയിസുമായി സഹകരിച്ചു വികസിപ്പിച്ച 'മച്ചിലി' മൊബൈല്‍ ആപ്ലിക്കേഷന്റെ ഔപചാരിക സമര്‍പ്പണം ലോക ഫിഷറീസ് ദിനത്തില്‍ കേരളാ ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയായ കുഫോസില്‍ വെച്ച് നടന്നു. ഫിഷറീസ് സര്‍വകലാശാല റിസര്‍ച്ച് ഡയറക്ടര്‍ ഡോ. ടി വി ശങ്കര്‍ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. ബി മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. ഇന്‍കോയിസ് സയന്റിസ്റ്റ് ഹെഡ് ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വിസ് ഗ്രൂപ്പ് ഡോ. ടി എം ബാലകൃഷ്ണന്‍നായര്‍ 'മച്ചിലി' മൊബൈല്‍ ആപ്ലിക്കേഷന്‍ രാജ്യത്തിനായി സമര്‍പ്പിച്ചു. വിവര സാങ്കേതിക വിദ്യയുടെ സഹായത്താല്‍ നേട്ടങ്ങള്‍ കൈവരിച്ച മത്സ്യത്തൊഴിലാളികളുടെ അനുഭവകുറിപ്പുകള്‍ അടങ്ങിയ പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു. 

മല്‍സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമുള്ള കാറ്റിന്റെ ഗതി, വേഗം, തിരമാലയുടെ ഉയരം, മല്‍സ്യ ലഭ്യത വിവരങ്ങള്‍, ഫിഷ് ലാന്‍ഡിങ് സെന്റര്‍, ചുഴലിക്കാറ്റ് മുന്നറിയിപ്പ് തുടങ്ങിയവയെ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ മച്ചിലി ആപ്പിലൂടെ ലഭ്യമാകുന്നതാണ്. മച്ചിലി ആപ്പ് എല്ലാ ആന്‍ഡ്രോയിഡ് ഫോണുകളിലും ഗൂഗിള്‍ പ്ലേയ്‌സ്‌റ്റോറില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഉള്‍പ്പെടെ 10 ഭാഷകളില്‍ സേവനം ലഭ്യമാണ്. 

ലോക ഫിഷറീസ് ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് എന്ന വിഷയത്തില്‍ ബോധവത്കരണ പരിപാടി നടത്തി. മല്‍സ്യ തൊഴിലാളികള്‍ക്കുള്ള ജെമിനി ഉപകരണം ക്ലാസില്‍ പരിചയപ്പെടുത്തി. സാറ്റ്‌ലൈറ്റും ഗഗന്‍ മൊബൈല്‍ ആപ്പുമായി ബന്ധിപ്പിച്ചു മല്‍സ്യ തൊഴിലാളികള്‍ക്ക് ജെമിനി ഉപകരണം ഉപയോഗിക്കാവുന്നതാണ്. കടലിലെ കാലാവസ്ഥ വിവരങ്ങള്‍, ചുഴലിക്കാറ്റ് മുന്നറിയിപ്പുകള്‍ ജെമിനിയിലൂടെ അറിയുവാന്‍ പറ്റുന്നതാണ്. 

ഡോ. എസ് എം റാഫി, പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഇന്‌കോ യിസ്‌കുഫോസ് പ്രോജക്ട്, റിലയന്‍സ് ഫൗണ്ടേഷന്‍ പ്രതിനിധികളായ റഗുറാംലങ്ക, അഭിജീത്താകരെ, നഫാസ് നാസര്‍  എന്നിവര്‍ പ്രസംഗിച്ചു. കേരളം, തമിഴ്‌നാട് ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുമായി 50ല്‍ പരം മത്സ്യത്തൊഴിലാളികള്‍ പങ്കെടുത്തു.